
/topnews/kerala/2023/11/23/shashi-tharoor-explained-the-criticism-against-the-speech-on-the-league-stage-about-palestine
കോഴിക്കോട്: മുസ്ലിം ലീഗിൻ്റെ പലസ്തീൻ ഐക്യദാർഢ്യ വേദിയിലെ പ്രസംഗത്തിൻ്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്ക് കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ വിശദീകരണവുമായി ശശി തരൂർ എം പി. താൻ ലീഗ് വേദിയിൽ പലസ്തീൻ ജനതയ്ക്ക് വേണ്ടിയാണ് പ്രസംഗിച്ചതെന്നും തന്റെ വാക്കുകളിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്നുമായിരുന്നു ശശി തരൂരിൻ്റെ വിശദീകരണം.
ലീഗിന്റെ റാലിയിൽ ഐക്യദാർഢ്യം അറിയിക്കാൻ എനിക്ക് അവസരം കിട്ടി. മുസ്ലീം വിഷയം മാത്രമല്ല എന്ന് അന്ന് ഞാൻ പറഞ്ഞു. പലസ്തീനിലേത് മതത്തിന്റെ പ്രശ്നം അല്ല. അന്ന് പ്രസംഗിച്ചപ്പോൾ ചിലർ തെറ്റ് ധാരണ പരത്താൻ ശ്രമിച്ചു. അത് മുഴുവൻ കേൾക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
താൻ പലസ്തീന് ഒപ്പമാണെന്നും ഒന്നര മാസമായി ഇസ്രയേൽ പലസ്തീനെ ആക്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച തരൂർ സമാധാനമാണ് ലോകം ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. കോൺഗ്രസിനും തനിക്കും ഒരേ നിലപാടാണെന്ന് ചൂണ്ടിക്കാണിച്ച തരൂർ കോൺഗ്രസ് നിലപാടാണ് പറഞ്ഞതെന്നും വ്യക്തമാക്കി. കോണ്ഗ്രസ് പാർട്ടിയുടെ നിലപാട് എന്നും മാറ്റമില്ലാത്തതാണെന്നും തരൂർ പറഞ്ഞു.
പലസ്തീനിലെയും ഇസ്രയേലിലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കണം എന്നാണ് നിലപാടെന്ന് ചൂണ്ടിക്കാണിച്ച തരൂർ താൻ പറയുന്നത് നേരിട്ട് അറിയുന്ന കാര്യങ്ങളാണെന്നും പറഞ്ഞു. യാസർ അറഫാത്തുമായുള്ള ബന്ധം ഓർമ്മിപ്പിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടതില്ലന്നും തരൂർ വ്യക്തമാക്കി. ഒക്ടോബർ 7 ന് സംഭവിച്ചത് ഭീകരാക്രമണമല്ല, ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതിന് അടിസ്ഥാനം ഇല്ലെന്ന് നേരത്തെ കെ മുരളീധരൻ പറഞ്ഞിരുന്നു.