
കൽപ്പറ്റ: സുല്ത്താന്ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില് ഹാജരായി. എന്ഡിഎ സ്ഥാനാര്ത്ഥിയാകാന് സി കെ ജാനുവിന് കോഴ നല്കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്. സുല്ത്താന്ബത്തേരി നിയമസഭാ മണ്ഡലത്തില് എന്ഡിഎ സ്ഥാനാര്ത്ഥിയായി മത്സരിക്കാന് സി കെ ജാനുവിന് 50 ലക്ഷം രൂപ സി കെ ജാനുവിന് നല്കിയെന്നാണ് പരാതിയില് പറയുന്നത്. ഇതില് 10 ലക്ഷം 2021 മാര്ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില് വെച്ചും 40 ലക്ഷം സുല്ത്താന്ബത്തേരിയില് വെച്ചുമാണ് നല്കിയതെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്കിയത്. ചോദ്യം ചെയ്യലിനായി സി കെ ജാനുവും ക്രൈംബ്രാഞ്ച് ഓഫീസില് ഹാജരാകും.
നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലും കെ സുരേന്ദ്രനെ പ്രതിചേര്ത്തിരുന്നു. സുരേന്ദ്രന് ഉള്പ്പടെയുള്ള മുഴുവന് പ്രതികള്ക്കും കോടതി ഒക്ടോബറില് ജാമ്യം അനുവദിച്ചിരുന്നു. കാസര്ഗോഡ് ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാന് ബിഎസ്പി സ്ഥാനാര്ത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ കുറ്റാരോപണം. രണ്ട് ലക്ഷം രൂപയും സ്മാര്ട്ട് ഫോണും സുന്ദരയ്യയ്ക്ക് നല്കിയെന്നാണ് കേസ്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന വി വി രമേശ് 2021 ജൂണില് ഇതിനെതിരെ പരാതി നല്കിയിരുന്നു. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേര്ക്കെതിരെ കേസെടുത്തത്.