
May 22, 2025
04:37 PM
കൊച്ചി: റിവ്യൂ ബോംബിങ്ങിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം. അജ്ഞാത സിനിമാ റിവ്യൂവിൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. അറിവും വെളിച്ചവും നൽകാനാവണം സിനിമാ റിവ്യൂ എന്നും സിനിമയെ തകർക്കുന്നതും ഭീഷണിപ്പെടുത്തുതും ആകരുതെന്നും കോടതി നിരീക്ഷിച്ചു.
ഇക്കാര്യം മനസിൽ വച്ചാകണം പൊലീസ് നടപടിയെന്നാണ് ഹൈക്കോടതിയുടെ നിർദേശം. റിവ്യൂ ബോംബിങ് നിയന്ത്രണ വിധേയമാണെന്ന് അമികസ് ക്യൂറി മറുപടി പറഞ്ഞു.
നെഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് ആദ്യ കേസ്. റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി കോടതി പരിഗണിച്ചിരുന്നു.
ഫോൺ കയ്യിലുള്ളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്മെയിലിംഗ് നടത്തുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയതാണ്. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു.