
/topnews/kerala/2023/10/20/vizhinjam-krain-controversy-kv-thomas-against-jairam-ramesh
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്ക്ക് ബര്ത്തില് ഇറങ്ങാന് കേന്ദ്രം അനുമതി നല്കിയതിനെ വിമര്ശിച്ച കോണ്ഗ്രസ് നേതാവ് ജയറാം രമേശിനെ തള്ളി കെ വി തോമസ്. ഗുജറാത്തിലെ മുദ്ര തുറമുഖത്തും ഇവര് ഇറങ്ങിയിരുന്നു. ജീവനക്കാരില്ലാതെ ക്രെയിന് ഇറക്കാന് പറ്റില്ല. ഇവരെ തിരിച്ചയക്കണം എന്നാണോ ജയറാം രമേശ് ആവശ്യപ്പെടുന്നതെന്നും കെ വി തോമസ് ചോദിച്ചു.
വിഴിഞ്ഞത് ചൈനീസ് കപ്പലിലെ ജീവനക്കാരെ ഇറങ്ങാന് അനുവദിച്ചത് മോദി-അദാനി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു ജയറാം രമേശ് വിമര്ശിച്ചത്. എന്നാല് ജയറാം രമേശ് പാര്ട്ടി നിലപാടാണോ പറഞ്ഞതെന്ന് കോണ്ഗ്രസ് വ്യക്തമാക്കണമെന്നും കെ വി തോമസ് ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ചൈനീസ് കപ്പലായ ഷെന് ഹുവ-15 ലെ മുഴുവന് ജീവനക്കാര്ക്കും കരയിലിറങ്ങാന് അനുമതി ലഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചാണ് കേന്ദ്രം അനുമതി നല്കിയതെന്നും ജയറാം രമേശ് വിമര്ശിച്ചിരുന്നു. ഒഒരു കമ്പനിക്കായി ചൈനീസ് പൗരന്മാരെ അനധികൃതമായി പ്രവര്ത്തിക്കാന് കേന്ദ്രം അനുവദിക്കുകയാണ്. പ്രത്യേക കാരണങ്ങളാല് കപ്പലിലെ ജീവനക്കാര്ക്ക് വിസയില്ലാതെ തന്നെ ഇറങ്ങാന് അനുമതി നല്കാറുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്ഥാന്, സോമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഇറങ്ങാന് അനുമതി നല്കാന് പാടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ജയറാം രമേശ് ചൂണ്ടികാട്ടിയത്.