
/topnews/kerala/2023/10/08/mla-will-not-allow-the-move-to-abolish-kattururthi-kendriya-vidyalaya-reporter-impact
കോട്ടയം: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിർത്തലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ. അടുത്ത അധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കാതെ ഘട്ടം ഘട്ടമായി സ്കൂളിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും മോൻസ് ജോസഫ് എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിർത്തലാക്കാന് നീക്കം നടക്കുന്നു എന്ന വാർത്ത കഴിഞ്ഞദിവസം റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു.
ഏതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കഴിയാത്ത നിരവധി കേന്ദ്രീയ വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. ഈ യാഥാർത്ഥ്യം നിലനിൽക്കെ കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം നിർത്തലാക്കാനാണ് നീക്കം. വെള്ളൂരിലെ എച്ച്എൻഎൽ ഭൂമിയിൽ താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ 12 സ്കൂളുകൾ പ്രവർത്തിക്കാനുള്ള അന്തരീക്ഷമുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
സംസ്ഥാന സർക്കാർ അനുവദിച്ച ഭൂമി തണ്ണീർത്തടമായതിനാൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിയാൻ കഴിയില്ല. നിലം നികത്താൻ സർക്കാർ അനുമതി നൽകണം. മുഖ്യമന്ത്രിയോട് വീണ്ടും ഇക്കാര്യം ഉന്നയിക്കും. മന്ത്രിസഭാ യോഗത്തിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമെന്നും മോൻസ് ജോസഫ് പറഞ്ഞു. റവന്യൂ-കൃഷി മന്ത്രിമാർ അനുമതി തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക