രുചിയും മണവും നിറയട്ടെ, ഇതാ ഒരു കാപ്പി കഥ

ഒരു ചെടി രാജ്യാതിര്ത്തികളെയെല്ലാം ഭേദിച്ച് വിവിധ വന്കരകളിലൂടെ സഞ്ചരിച്ച് ലോകത്തെ കീഴടക്കിയ കഥയാണ് കാപ്പിയുടെ കഥ.

രോഷ്നി രാജന്‍
3 min read|01 Oct 2023, 06:58 am
dot image

കാപ്പിയുടെ രുചിയെത്താത്ത നാടുണ്ടോ..ഇല്ല എന്നാണ് ഉത്തരം. പലനാട്ടിലും കാപ്പിക്ക് പല പേരാണ്. ചൈനയില് കയ്ഫെ, ജപ്പാനിലാണെങ്കില് കേഹി, ഫ്രാന്സിലെത്തിയാല് കഫെ, ജര്മനിയില് കഫീ, അമേരിക്കയില് കോഫീ. അങ്ങനെ പല നാട്ടില് പല പേരുകള്. ഇനി സ്റ്റൈലന് പേര് വേണമെങ്കില് കാപ്യുചിനോ, എക്സ്പ്രസോ, അമേരിക്കാനോ, ഡോപ്പിയോ, തുടങ്ങിയ ഹാഷ് പോഷ് കാപ്പികളുമുണ്ട്. ഇത്തരം യമണ്ടന് പേരുകള്ക്കിടയിലും മുട്ടുമടക്കാത്ത നമ്മുടെ കട്ടന്കാപ്പിയുടെ തട്ട് താണ് തന്നെയിരിക്കും. കട്ടന് കാപ്പി, പാല്കാപ്പി, ചുക്കുകാപ്പി, ഇഞ്ചി കാപ്പി, ഏലകയ്ക്കാ കാപ്പി. അങ്ങനെ പലതിന്റെയും കൂടെ ചേരുമ്പോള് കാപ്പി പലതാണ്.

തിളച്ചുമറിയുന്ന വ്യാകുലതകളില് ആശ്വാസമായി, ഉറക്കമില്ലാത്ത രാത്രികളിലെ കൂട്ടായി, സൗഹൃദസദസ്സുകളിലെ കടുപ്പമായി, ഖല്ബോളം സ്നേഹമൊഴുക്കുന്ന കാപ്പിയ്ക്കും ഒരു കഥയുണ്ട്. ഒരു ചെടി രാജ്യാതിര്ത്തികളെയെല്ലാം ഭേദിച്ച് വിവിധ വന്കരകളിലൂടെ സഞ്ചരിച്ച് ലോകത്തെ കീഴടക്കിയ കഥയാണ് കാപ്പിയുടെ കഥ.

ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്, അങ്ങ് എത്യോപ്യയില് കല്ഡി എന്ന് പേരുള്ള ഒരു ആട്ടിടയന് തന്റെ ആടുകളെ മേയ്ക്കാന് ഇറങ്ങിയതായിരുന്നു. അതിനിടെ ഏതോ ഒരു ചെടിയുടെ കായകള് കഴിച്ച് ആടുകള് വളരെയധികം ഉന്മേഷത്തോടെ തുള്ളിച്ചാടുന്നത് കണ്ടു. ഇത് കണ്ട് കൗതുകം തോന്നിയ ആട്ടിടയന് ആ ചെടിയില് നിന്ന് ഒരു കായെടുത്ത് വായിലിട്ട് ചവച്ചു. ആകെപ്പാടെ ഒരു ഉത്സാഹം.നല്ല ഉന്മേഷം. കായയുടെ ഗുണം തിരിച്ചറിഞ്ഞ ആട്ടിടയന് വിവരം എല്ലാവരോടും പറഞ്ഞു. ആ കായയായിരുന്നു പില്ക്കാലത്ത് ലോകരാജ്യങ്ങളിലെ മുഴുവന് തീന്മേശകളിലേക്കും പല രൂപത്തിലെത്തിയ കാപ്പിക്കുരു.

പതിനഞ്ചാം നുറ്റാണ്ടില് ആണ് കാപ്പി പ്രചുരപ്രചാരം നേടുന്നത്. എത്യോപിയയില് നിന്ന് തിരികെ പോകുകയായിരുന്ന യമനിലെ സൂഫികള് കാപ്പിക്കുരു കൈയിലെടുത്തതോടെ കാപ്പിയുടെ ജൈത്രയാത്ര തുടങ്ങി. അങ്ങനെ ചെങ്കടല് കടന്ന് എത്യോപ്യയില് നിന്ന് യെമനിലേക്ക് കാപ്പിയൊഴുകി. അതിനുശേഷം സൗദി, ഈജിപ്ത് തുടങ്ങിയ അറേബ്യന് രാജ്യങ്ങളിലും കാപ്പി എത്തി. വൈകാതെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും. വീണ്ടും വര്ഷങ്ങള്ക്ക് കഴിഞ്ഞ് 1670 ഓടെയാണ് കോഫി നമ്മുടെ ഇന്ത്യയിലെത്തുന്നത്. ബാബ ബുദാന് എന്ന ഇന്ത്യന് സൂഫി സന്യാസി വഴിയാണ് ഇന്ത്യയില് കാപ്പി എത്തിയത് എന്നതാണ് വിശ്വാസം.

ഇന്ത്യയിലിന്ന് ഏറ്റവും സുലഭമായി കാപ്പികൃഷി നടക്കുന്നത് ദക്ഷിണ കര്ണാടകയിലെ കൊടക് മലനിരകളിലാണ്. കൊടകിലെ കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ കാപ്പികൃഷിക്ക് വളരെ അനുയോജ്യമാണ്. ഇന്ത്യയിലെ കാപ്പി ഉല്പ്പാദനത്തിന്റെ എണ്പത് ശതമാനവും ഇവിടെ നിന്നാണ്. കാപ്പിക്ക് ധാരാളം വകഭേദങ്ങള് ഉണ്ടെങ്കിലും അറബിക്ക, റോബസ്റ്റ എന്നിങ്ങനെ രണ്ട് തരം കാപ്പികളാണ് ലോകത്ത് പ്രധാനമായും ഉള്ളത്. ഇന്നാലോചിക്കുമ്പോള് വിശ്വസിക്കാനാവാത്ത ഒരു കാര്യം കൂടിയുണ്ട്. പല രാജ്യങ്ങളിലും ഒരു കാലത്ത് കാപ്പിക്ക് നിരോധനമുണ്ടായിരുന്നു. 16ാം നൂറ്റാണ്ടില് മക്കയില്, 17ാം നൂറ്റാണ്ടില് ഓട്ടോമന് സാമ്രാജ്യത്തില്, 18ാം നൂറ്റാണ്ടില് പ്രഷ്യയിലും സ്വീഡനിലും എന്നിങ്ങനെയെല്ലാം കാപ്പി നിരോധിക്കപ്പെട്ടിരുന്നു. കാപ്പിക്ക് ലഹരിയുണ്ടെന്ന് കരുതിയതും അധിനിവേശ വിളയായി കണ്ടതുമെല്ലാമായിരുന്നു ഇതില് പ്രധാന കാരണങ്ങള്.

കിലോയ്ക്ക് നൂറ് രൂപ മുതല് ഒന്നരലക്ഷത്തോളം രൂപ വരെ വില വരുന്ന കാപ്പികള് ഇന്ന് മാര്ക്കറ്റിലുണ്ട്. ബ്ലാക്ക് ഐവറി കോഫി, ലുവാക് കോഫി, എന്നിവയെല്ലാം വലിയ വിലയുള്ള കോഫിയാണ്. കോഫീ ബീന്സ് ആഹാരത്തില് കലര്ത്തി ആനകള്ക്ക് കൊടുത്ത് ദഹിക്കാതെ ആനപിണ്ഡത്തില് പുറത്തേക്ക് വരുന്ന കാപ്പി കുരുകള് ശേഖരിച്ചു വെയിലത്ത് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതാണ് ബ്ലാക്ക് ഐവറി കോഫി. ആനയുടെ വയറ്റിലെ ദഹനരസങ്ങള് കോഫി ബീന്സിലെ പ്രോട്ടിന് ഇളക്കി മാറ്റും. അതോടെ കോഫിയുടെ ചവര്പ്പ് വളരെ കുറയും. പക്ഷേ ആന പത്തു കിലോ കോഫി തിന്നുമ്പോള് ദഹിക്കാതെ പുറത്ത് വരുന്നത് കേവലം ഒരു കിലോ കോഫി ബീന്സ് മാത്രമാവും. അതുകൊണ്ടാണ് ഈ കോഫിയ്ക്ക് മാര്ക്കറ്റില് ഇത്രയധികം വില വരുന്നത്.

തായ്ലന്ഡില് ആനയാണെങ്കില് ഇന്തോനേഷ്യയില് സിവെറ്റ് എന്ന ജീവിയുടെ കാഷ്ടത്തില് നിന്നാണ് കാപ്പിക്കുരു ശേഖരിക്കുന്നത്. അതാണ് ലുവാക് കോഫി. അതായത് ഈ വിഭാഗത്തില് പെട്ട ഒരു കപ്പ് കാപ്പി കുടിക്കാന് മൂവായിരത്തിലധികം രൂപ കൊടുക്കണം. ഇന്ന്, പെട്രോളിയം കഴിഞ്ഞാല് ലോകത്തില് ഏറ്റവും കൂടുതല് വ്യാപാരം നടത്തുന്ന ഉല്പന്നമാണ് കോഫി. ലോകത്ത് ഏറ്റവും കൂടുതല് കാപ്പി ഉല്പ്പാദിപ്പിക്കുന്നത് ബ്രസീല് ആണ്. എന്നാല്, ഏറ്റവും വലിയ ഉപഭോക്താക്കള് അമേരിക്കയും. ആഗോള കാപ്പി വ്യവസായത്തില് ഒരു വര്ഷം 60 ബില്യന് ഡോളറിന്റെ കച്ചവടം നടക്കുന്നുണ്ടെന്നാണ് ഇന്റര്നാഷണല് കോഫി ഓര്ഗനൈസേഷന് പറയുന്നത്.

ഒരു പാനീയം എന്ന നിലയില് മാത്രമല്ല കോഫി നമ്മുടെ ചരിത്രത്തില് ഇടംപിടിച്ചിട്ടുള്ളത്. യൂറോപ്പില് രൂപംകൊണ്ട കോഫി ഹൗസുകള് ഒരു പുതിയ സംസ്കാരം കൂടിയാണ് ലോകത്തിന് സമ്മാനിച്ചത്. സുപ്രധാന നഗരങ്ങളിലെ കോഫി ഹൗസുകളില് വ്യവസായികള്, രാഷ്ട്രീയ നേതാക്കള്, കലാകാരന്മാര്, എഴുത്തുകാര് തുടങ്ങിയവര് ഒത്തുകൂടി അവരുടെ വൈകുന്നേരങ്ങള് ചെലവഴിച്ചു. കോഫിടേബിള് ഡിസ്കഷന്സ്, കോഫി ഹൗസ് ഗാദറിംഗ് എന്നിങ്ങനെയുള്ള പദങ്ങള് പോലുമുണ്ടായി. ലോകമാസകലം ഈ സംസ്കാരം വ്യാപിച്ചു. കഫേ, കഫ്തീരിയ തുടങ്ങിയ വാക്കുകളെല്ലാം ഉണ്ടാകുന്നതും കോഫിയില് നിന്നാണ്. സാധാരണ പെണ്ണുകാണല് മുതല് രാജ്യങ്ങളുടെ ഭാവി മാറ്റിമറിക്കുന്ന, ഭരണകര്ത്താക്കളുടെ കൂടിയാലോചനകള്ക്ക് വരെ നമ്മുടെ കോഫീഷോപ്പുകള് വേദിയാകാറുണ്ട് എന്നതാണ് സത്യം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image