
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുകാരൻ മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരും നിപ പോസിറ്റീവായി ചികിത്സയിലായിരുന്നു. ഒമ്പത് വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. ഇരുവരുടെയും പ്രോട്ടോകോൾ പ്രകാരമുളള രണ്ട് റിസൾട്ടുകളും നെഗറ്റീവായതോടെയാണ് ആശുപത്രി വിടുന്നത്.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതായി ആരോഗ്യമന്ത്രി അറിയിച്ചു.
ഇതിനിടെ പരിശോധനക്കയച്ച വവ്വാല് സാമ്പിളുകളില് നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. ഭോപ്പാല് ലാബിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. വവ്വാല് ഉള്പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള് പരിശോധനക്കയച്ചിരുന്നു. നിപ ബാധിത മേഖലകളില് നിന്ന് സെപ്തംബര് 21നാണ് സാമ്പിള് ശേഖരിച്ചിരുന്നത്. ഭോപ്പാല് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല് ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.
2018ലും 2021ലും ഇത്തവണയും മനുഷ്യരില് പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോഴിക്കോട് രണ്ട് പേരാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചവരുടെ രോഗലക്ഷണങ്ങളിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീണ്ടും കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ മരിച്ചവർക്ക് നിപ ബാധ സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നാല് പേർക്ക് നിപ സ്ഥിരീകരിച്ചിരുന്നു. രണ്ടു പേർ നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു. ചികിത്സയിലുണ്ടായിരുന്നവർ ആശുപത്രി വിടുന്നതോടെ സംസ്ഥാനത്ത് ഇപ്പോള് നിപ്പ ബാധിതർ ഇല്ല.