നിപയിൽ ഇന്നും ആശ്വാസം; പുതിയ കേസുകളില്ല, 66 പേരെ സമ്പര്ക്കപ്പട്ടികയില് നിന്നും ഒഴിവാക്കി

നിപ പ്രതിരോധത്തിനായി പബ്ലിക് ഹെല്ത്ത് ലാബുകളുള്പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില് ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച ഏഴ് സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന് പൂര്ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്ക്കപ്പട്ടികയില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില് 915 പേരാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്ഡക്സ് കേസിന്റെ സമ്പര്ക്ക പട്ടികയിലുള്ള മറ്റു ജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്ത്തിയാക്കിയവരെ പട്ടികയില് നിന്നും ഒഴിവാക്കി.

നിപ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കോര് കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്ന്നിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്. മന്ത്രി ഓണ്ലൈനായി യോഗത്തിൽ പങ്കെടുത്തു. നിപ പ്രതിരോധത്തിനായി പബ്ലിക് ഹെല്ത്ത് ലാബുകളുള്പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില് ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു.

ഐസിഎംആര്. മാനദണ്ഡ പ്രകാരം എസ്ഒപി തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല് ഓഫീസര്മാരോടും അതത് ജില്ലയിലെ ആര്ടിപിസിആര്, ട്രൂനാറ്റ് പരിശോധനകള് നടത്താന് സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള് സമര്പ്പിക്കുവാന് നിര്ദേശം നല്കി. എസ്ഒപി ലഭിക്കുന്ന മുറക്ക് മുന്ഗണനാ ക്രമത്തില് പരിശീലനം നല്കി ലാബുകള് സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള് നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല് കോളേജില് ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image