
തിരുവനന്തപുരം: ഓണം ബമ്പര് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര് അന്നൂര് സ്വദേശി നടരാജന്. 230662 എന്ന ടിക്കറ്റിനാണ് സമ്മാനം. വാളയാറിലെ ഏജന്സിയില് നിന്ന് ചെറുകിട കച്ചവടക്കാരനായ നടരാജന് നാലു ദിവസം മുന്പ് വാങ്ങിയ 10 ടിക്കറ്റുകളില് ഒന്നാണ് സമ്മാനാര്ഹമായത്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് മറ്റാര്ക്കെങ്കിലും നടരാജന് വിറ്റിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇനി ആകാംക്ഷ.
കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്സി പാലക്കാട് വാളയാറില് ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീബ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. വാളയാറില് നിന്ന് തമിഴ്നാട് സ്വദേശികള് ലോട്ടറി എടുക്കുന്നത് പതിവാണ്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്ക്ക് ലഭിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് പ്രതികരിച്ചു. സമ്മാനഘടനയില് ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്ക്ക് സമ്മാനമുണ്ട്. ലോട്ടറിയില് നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്ക്കാരിന് ആകെ ടിക്കറ്റ് വില്പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.
ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്വ്വകാല റെക്കോര്ഡ് ആണ് ഇത്തവണ വില്പ്പനയില് രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേര്ക്ക് ഓണം ബമ്പര് സമ്മാനങ്ങള് ലഭിക്കും വിധമാണ് സമ്മാന ഘടന.