
/topnews/kerala/2023/09/08/ldfs-political-base-not-broken-jake-c-thomas-explains
കോട്ടയം: പുതുപ്പള്ളിയുടെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജെയ്ക് സി തോമസ്. സഹതാപ തരംഗത്തിലുണ്ടായ വിജയമെന്നാണ് ജെയ്ക് സി തോമസ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ വികസനം ചർച്ചയായില്ല എന്നും മണ്ഡലത്തിലെ പ്രത്യേക സാഹചര്യവും പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമാണ് ചാണ്ടി ഉമ്മന് തുണയായതെന്നും ജെയ്ക് മാധ്യമങ്ങളോടു പറഞ്ഞു. ബിജെപി വോട്ടുകൾ എവിടെ പോയി എന്നും ജെയ്ക് ചോദിച്ചു.
'പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎയ്ക്ക് സ്വാഗതം. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള, കേരളത്തിലെ ഏത് മണ്ഡലങ്ങളോടും കിടപിടിക്കാനും ചേർത്തു നിർത്താനും കഴിയുന്ന ശ്രമങ്ങളിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നിട്ടില്ല. ശക്തിപ്പെടുകയാണ് ചെയ്തത്. എന്റെ ഉത്തരവാദിത്തം മനുഷ്യ സാധ്യമായ തരത്തിൽ പൂർത്തിയാക്കി. പുതുപള്ളിയുടെ ജീവിത അനുഭവങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയത്. എല്ലാ ജാതിയിലും സഭകളിലും പെടുന്നവരും ഇതിലൊന്നും പെടാത്തവരും എൽഡിഎഫിനോട് യോജിച്ച് പോകാം. ബിജെപിയുടെ വോട്ട് ചോദിച്ച് വാങ്ങിയതാണോ പിടിച്ചെടുത്തതാണോ എന്ന് യുഡിഎഫ് പറയട്ടെ. ലോക്സഭ തിരഞ്ഞെടുപ്പും പുതുപ്പള്ളിയും തമ്മിൽ ഒരു ബന്ധവുമില്ല. ബന്ധമുണ്ടെന്ന് ചെന്നിത്തല പറഞ്ഞത് സ്വയം ആശ്വസിക്കൽ മാത്രമാണ്, ജെയ്ക് വ്യക്തമാക്കി.
ജെയ്ക് സി തോമസിന്റെ വാക്കുകൾ
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായിട്ടാണ് എന്നെ ഈ തിരഞ്ഞെടുപ്പിൽ മുന്നണി നിയോഗിച്ചത്. ആ ഉത്തരവാദിത്തം ഏത് പരിമിതിക്കുള്ളിലും മനുഷ്യസാധ്യമായ നിലയിൽ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മുന്നണിയുടെ പ്രചാരണത്തിൽ എന്തെങ്കിലും വീഴ്ചയോ പിന്നോട്ടടിയോ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ, മാധ്യമപ്രവർത്തകരെല്ലാവരും ഈ തിരഞ്ഞെടുപ്പിൽ സഹകരിച്ചവരാണ്. അത്തരത്തിൽ ഒരു അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പറയാം. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ മുൻപോട്ടേക്ക് വച്ച രാഷ്ട്രീയമോ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തസ്സിനെ കെടുത്തുന്ന എന്തെങ്കിലും സംഭവമോ ഈ തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ഉണ്ടായോ?
ഞങ്ങൾ തുടക്കം മുതൽ മുൻപോട്ടേക്കുവെച്ചത് പുതുപ്പള്ളിയുടെ ജീവിത പ്രശ്നങ്ങളും വികസനാനുഭവങ്ങളുമാണ്. അതിന്റെ സ്നേഹസമ്പൂർണമായ ഒരു സംവാദത്തിന് വേണ്ടിയിട്ടാണ് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിലുടനീളം ശ്രമിച്ചത്. അതോടൊപ്പം സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള കാഴ്ച്ചപ്പാടുകൾ ഞങ്ങൾ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിൽ പ്രചാരണ യോഗങ്ങളും സംഘടിപ്പിച്ചു. അതൊക്കെ ഞങ്ങൾക്ക് മുതൽകൂട്ടാവുകയാണുണ്ടായത്. എവിടെയെങ്കിലും എന്തെങ്കിലും പാളിച്ചയുണ്ടായതായി എന്റെ അനുഭവത്തിലില്ല, മറിച്ചഭിപ്രായമുള്ളവർക്ക് ചൂണ്ടിക്കാണിക്കാം.
മുൻ മുഖ്യമന്ത്രിയുടെ മരണാനന്തരം വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഈ അന്തരീക്ഷത്തിലാണ് പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിന് നമ്മളെല്ലാവരും സാക്ഷ്യം വഹിച്ചത്. ഈ ഘട്ടത്തിലും ഞങ്ങൾ മുന്നോട്ട് വെക്കാൻ ശ്രമിച്ചത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ്. പക്ഷേ അതിനോട് യുഡിഎഫിന്റെ പ്രതികരണമെന്തായിരുന്നു? യുഡിഎഫിന്റെ നേതൃത്വം അതിനെ ഏത് നിലയിലാണ് അഭിസംബോധന ചെയ്തത്? ആ വികസനത്തിന്റെ അനുഭവങ്ങളെയും പുതുപ്പള്ളിയുടെ ജീവിത പ്രശ്നങ്ങളെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും കുറിച്ചൊക്കെ വിശകലനം ചെയ്യാൻ ഞങ്ങൾ തയ്യാറായി വന്നപ്പോൾ, അതിനോടായിരുന്നില്ല യുഡിഎഫിന്റെ പ്രതികരണം. ചില പേരുകളെ സംബന്ധിച്ചു മാത്രമായിരുന്നു. അതിന്റെ മറവിൽ എന്തെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് കഴിയുമോ? ഇതായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്.
ഞാൻ ഏകപക്ഷീയമായി വിധിതീർപ്പിനില്ല. പക്ഷേ ഞങ്ങൾ മുന്നോട്ടുവെച്ച പുതുപ്പള്ളിയുടെ വികസനത്തിനും മുന്നേറ്റത്തിനും വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ, ശ്രമങ്ങൾ ഇനിയും തുടരും. അതിൽ ഒരു സംശയവും വേണ്ട. ബിജെപി വോട്ട് ഷെയറിന് സംബന്ധിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഞങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. അത് ഏകപക്ഷീയമായ ഒരഭിപ്രായപ്രകടനമെന്ന നിലയിലല്ല, കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. 2019-ൽ 20,911 വോട്ടുകളുള്ള പാർട്ടിയായിരുന്നു പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ബിജെപി. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ നേർപകുതിയാണുണ്ടായത്. 2022-ൽ 40 മുതൽ 50 വരെ ബിജെപിയുടെ വോട്ട് ഷെയർ ഇടിഞ്ഞു. ബിജെപി വോട്ട് ആരു ചെയ്തു ആർക്കു ചെയ്തു എന്നതിൽ ഞാൻ തീർപ്പ് കൽപ്പിക്കുന്നില്ല. അത് ചിന്തിക്കാൻ സാമാന്യ യുക്തി മതി.
എ കെ ബാലന്റെ പ്രസ്താവനയ്ക്കും ജെയ്ക് വിശദീകരണം നൽകി. അത്തരമൊരു വിശദീകരണമല്ല എ കെ ബാലൻ നടത്തിയത്. ഈ ഉപതിരഞ്ഞെടുപ്പിന് ഒരു പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു. അതിന് ചരിത്രത്തിൽ തന്നെ ഉദാഹരണങ്ങളില്ല. നീണ്ട അഞ്ചര പതിറ്റാണ്ടായി നിലനിൽക്കുന്ന ജനപ്രാതിനിധ്യം, അതിനിടയിൽ നിരവധി പദവികളലങ്കരിച്ച ഒരാളുടെ വിയോഗം, ദിവസങ്ങൾക്കുള്ളിൽ ഉപതിരഞ്ഞെടുപ്പിന് പുതുപ്പളളി സാക്ഷ്യം വഹിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ മറ്റെന്തങ്കിലും കാര്യം ചർച്ച ചെയ്യപ്പെട്ടോ? കോൺഗ്രസിന്റെ മണ്ഡലമാണ് പുതുപ്പള്ളി. അതിൽ തർക്കമില്ല. പക്ഷേ കാലം മുന്നോട്ട് പോകവെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇവിടെ ശക്തി പ്രാപിച്ചു, ബഹുജന അടിത്തറ വിപുലീകരിക്കപ്പെട്ടു. പുതുപ്പള്ളിയുടെ രാഷ്ട്രീയ മനസ് ഇടതുപക്ഷത്തിനോടൊപ്പം സഞ്ചരിക്കാൻ ആരംഭിച്ചു. ആ ഘട്ടത്തിലാണ് 2021ലെ തിരഞ്ഞെടുപ്പ് റിസൾട്ടിന്റെ കണക്കുകൾ ഞങ്ങൾ വിശദീകരിച്ചത്.