
/topnews/kerala/2023/09/06/ashtamirohini-festival-the-guruvayur-temple-grounds-are-ready
തൃശ്ശൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന് ഗുരുവായൂർ ക്ഷേത്രാങ്കണവും പരിസരവും ഒരുങ്ങി . ക്ഷേത്രത്തിൽ വലിയ ഭക്തജന അനുഭവപ്പെടുന്നതിനാൽ വിവിധ ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ ദർശനത്തിന് നിയന്ത്രണം ഉള്ളതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടയിലൂടെയോ കടന്ന് ക്ഷേത്രത്തിന് പുറത്തെത്തണം.
ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും ഇന്ന് ഉണ്ടാകില്ല. കൂടാതെ ഗുരുവായൂരപ്പൻ്റെ എല്ലാ ഭക്തർക്കും 12 വിഭവങ്ങളും പാൽപായസവും ഉൾപ്പടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് അഥവാ പിറന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനു മാത്രം 22.5 ലക്ഷം രൂപയാണ് ചെല വഴിക്കുന്നത്. രാവിലെ മുതൽ ഘോഷയാത്രകളും വൈകീട്ട് ശോഭ യാത്രകളും ഉണ്ടാകും.
ഘോഷയാത്രയില് താള മേളങ്ങളോടെ കൃഷ്ണനും ഗോപികയുമായുള്ള അനുരാഗത്തെ അനുസ്മരിപ്പിക്കുന്ന ഗോപികാ നൃത്തം, ഉണ്ണിക്കണ്ണന് വെണ്ണ കട്ടു തിന്നുന്ന സംഭവത്തെ അനുസ്മരിക്കുന്ന ഉറിയടി, ഇതിനായി ഘോഷയാത്ര വരുന്ന വഴി നീളെ ഉറികൾ കെട്ടി തൂക്കിയിട്ടുണ്ട്. ജീവിധ എഴുന്നള്ളിപ്പ്, നിശ്ചല ദൃശ്യങ്ങൾ കൂടാതെ നാടൻ കലകൾ എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി അക്ഷരാർത്ഥത്തിൽ അമ്പാടിയാകും.