
പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജയസൂര്യ ഉയര്ത്തിയ വിമര്ശനത്തിനെതിരെ മന്ത്രിമാരായ പി പ്രസാദും പി രാജീവും മാന്യമല്ലാത്ത ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കാര്യമറിയാതെ ആരോപണം ഉന്നയിച്ച ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നല്കുക മാത്രമാണ് മന്ത്രിമാര് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വളരെയേറെ സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി പ്രസാദും പി രാജീവും ജയസൂര്യയുടെ വിമര്ശനം കേട്ടതും അതിനോട് പ്രതികരിച്ചതും. നടന് ജോജു ജോര്ജിനോട് മുമ്പ് കോണ്ഗ്രസ് നേതാക്കള് അങ്ങനെയാണോ പെരുമാറിയതെന്നും രാജേഷ് ചോദിച്ചു.
'മന്ത്രിമാര് എന്താണ് ജയസൂര്യയെ അധിക്ഷേപിച്ചത്?. രാഷ്ട്രീയമായ നിറം നല്കുന്നുവെന്ന് പറഞ്ഞാല് എന്നുമുതലാണ് കേരളത്തില് അത് ആക്രമിക്കലായി മാറിയത്?. ജയസൂര്യയ്ക്കെതിരെ മന്ത്രിമാര് മാന്യമല്ലാത്ത ഒരു വാക്ക് ഉച്ചരിച്ചിട്ടുണ്ടോ?. ആര്ക്കും എന്തും ഇടതുപക്ഷത്തെ പറയാം. ഞങ്ങള് രാഷ്ട്രീയമായി അതിന് മറുപടി പറഞ്ഞാല് അത് എങ്ങനെയാണ് ആക്രമിക്കലാകുന്നത്. ഉത്തര്പ്രദേശില് മന്ത്രിയെ ചോദ്യം ചെയ്ത ആള്ക്ക് തല്ലുകിട്ടിയ അനുഭവമുണ്ട്. രണ്ടു മന്ത്രിമാര് ഇരിക്കെ അദ്ദേഹം വസ്തുനിഷ്ഠമല്ലാത്ത കാര്യം പറഞ്ഞു. അതു വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തുറന്നുകാണിച്ചു. അതിന് ഞങ്ങളോട് അരിശപ്പെട്ടിട്ട് കാര്യമില്ല. പറയുമ്പോള് സത്യസന്ധമായിട്ട് വേണ്ടേ പറയാന്', രാജേഷ് പറഞ്ഞു.
'ആദ്യം അദ്ദേഹം പറഞ്ഞതെന്താണ്?. എന്റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ലെന്നും അതുകൊണ്ടാണ് താന് ഇതിവിടെ പറഞ്ഞതെന്നുമാണ് പ്രസംഗിച്ചത്. ഇതോടെ അദ്ദേഹത്തിന് പൈസ ജൂലായില് തന്നെ കൊടുത്തിട്ടുണ്ട് എന്നതിന്റെ രേഖ മന്ത്രി എടുത്തുകാണിച്ചു. അപ്പോള് പറയുന്നു, കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്. താളവട്ടം സിനിമയില് ജഗതി കുതിരയെ വിഴുങ്ങി എന്നുപറഞ്ഞ് ചാടിക്കടക്കുന്നില്ല. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോള് ഇപ്പോള് സമാധാനമായി എന്ന് പറയും. കുറച്ചുകഴിഞ്ഞ് താന് വിഴുങ്ങിയത് കറുത്ത കുതിരയല്ല, വെളുത്ത കുതിരയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാന് തുടങ്ങും. അതുപോലെയാണ് ഇവിടെയും. അപ്പപ്പോള് തരാതരം പോലെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മാന്യമായ രീതിയില് ഞങ്ങള് തുറന്നുകാട്ടും. അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണ്. അന്തസുള്ള ഭാഷയില് മന്ത്രിമാര് അത് തുറന്നുകാട്ടിയിട്ടുണ്ട്. തെറ്റായിട്ട് ചിത്രീകരിച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതാകില്ല. വസ്തുനിഷ്ഠമല്ലാത്ത കാര്യം ഉന്നയിച്ചു, അതിന് മറുപടി നല്കി', രാജേഷ് പറഞ്ഞു.
കേന്ദ്രസര്ക്കാര് 637 കോടി രൂപ കുടിശ്ശിക നല്കാനുണ്ടെന്ന് മന്ത്രി ജി ആര് അനില് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേന്ദ്രം നല്കേണ്ട പണം നമ്മള് വായ്പയെടുത്ത് അഡ്വാന്സ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഇവിടെ ചര്ച്ചയായോ? അതൊരു ചര്ച്ചാ വിഷയമാകാത്തത് എന്തുകൊണ്ടാണ്? ഏതെങ്കിലും സിനിമാ താരങ്ങള് കാര്യമറിയാതെ പറഞ്ഞാല് അതല്ലേ ചര്ച്ചയാകുന്നത്? കേന്ദ്രം 637 കോടി രൂപ കുടിശ്ശിക നല്കാനുണ്ടെന്ന് നിങ്ങള് എന്തുകൊണ്ട് ചര്ച്ചയാക്കുന്നില്ലെന്നും രാജേഷ് ചോദിച്ചു.