
കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻഎസ്എസ് മതനിരപേക്ഷ നിലപാടില് ഉറച്ച് നില്ക്കും. സമദൂര സിദ്ധാന്തം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുകുമാരൻ നായർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
'ആര് കാല് മാറിയാലും ഞങ്ങള് കാല് മാറില്ല. എല്ലാ സ്ഥാനാര്ത്ഥികളും വന്നു കാണാറുണ്ട്. അത് പ്രസിദ്ധപ്പെടുത്താറില്ല. അതിന്റെ ഖ്യാതി എന്എസ്എസിന് ആവശ്യമില്ല. സൗഹൃദപരമായാണ് ജെയ്ക് സി തോമസിനോടും ചാണ്ടി ഉമ്മനോടും ഇടപെട്ടത്. മിത്ത് വിഷയത്തില് സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് തന്നെയാണ് എന്എസ്എസിന് ഉണ്ടായിരുന്നത് ഉത്തരം കാണുന്നതുവരെ സമരവുമായി മുന്നോട്ട് പോകും അല്ലെങ്കില് പ്രതിഷേധവുമായി മുന്നോട്ട് പോകും. അക്രമം പ്രോത്സാഹിപ്പിക്കില്ല', സുകുമാരൻ നായര് പറഞ്ഞു.
ഷംസീര് മാപ്പു പറയണം എന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. അതില് മാറ്റമില്ലെന്നും സുകുമാരൻ നായര് പറഞ്ഞു. ജനങ്ങള് ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യും. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് വോട്ടു ചെയ്യാന് കഴിയുന്നുവെന്നുള്ളതാണ് ജനായത്തം എന്ന് അദ്ദേഹം പറഞ്ഞു.