തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ നിലച്ചിട്ട് 3 ദിവസം; രോഗികളെ മടക്കി അയയ്ക്കുന്നു

കടുത്ത ശ്വാസം മുട്ടോടെ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആൻജിയോഗ്രാം നടത്തുന്നതിന് തിങ്കളാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു പ്രഭാകുമാരി. എന്നാൽ ഒന്നും ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ കൈമലർത്തി.

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ നിലച്ചിട്ട് മൂന്ന് ദിവസം. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ പോലും മടക്കി അയക്കുകയാണിപ്പോൾ. 30 കോടി രൂപ കുടിശ്ശികയിൽ കുറച്ചെങ്കിലും ലഭിക്കാതെ വിതരണം തുടങ്ങില്ലെന്നാണ് കമ്പനികളുടെ നിലപാട്. രണ്ടുതവണ ഹൃദയാഘാതം വന്ന രോഗിയുടെ ഹൃദയശസ്ത്രക്രിയയും മുടങ്ങി.

കടുത്ത ശ്വാസം മുട്ടോടെ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആൻജിയോഗ്രാം നടത്തുന്നതിന് തിങ്കളാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു പ്രഭാകുമാരി. എന്നാൽ ഒന്നും ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ കൈമലർത്തി. ആൻജിയോഗ്രാം ചെയ്യുന്നതിനുള്ള ഒരു സാധനവും ആശുപത്രിയിൽ സ്റ്റോക്കില്ല. അതെല്ലാം എന്ന് വരുമെന്നും അറിയില്ല. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാമഗ്രികൾ വന്നു കഴിഞ്ഞ് അറിയിക്കാം എന്നാണ് പ്രഭാ കുമാരിയോട് ഡോക്ടർമാർ പറഞ്ഞത്.

സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രഭാകുമാരിക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിന്തിക്കാൻ പോലുമാകില്ല. ഇപ്പോഴും കടുത്ത ശ്വാസം മുട്ടുണ്ട്. എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയിൽ കഴിയുകയാണ് ഇവർ. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങി ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിന് ആവശ്യമായ ഒന്നും ആശുപത്രിയിൽ സ്റ്റോക്കില്ല. ഈ വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സൂപ്രണ്ട് കഴിഞ്ഞദിവസം വിതരണം കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ നൽകാനുള്ള 30 കോടി രൂപയിൽ കുറച്ചെങ്കിലും നൽകാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് കമ്പനികളുടെ നിലപാട്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് പോലും ചികിത്സ കിട്ടാത്ത സ്ഥിതിയാണുള്ളത്.

dot image
To advertise here,contact us
dot image