
/topnews/kerala/2023/08/09/high-court-criticizes-guruvayur-devaswom-board-on-devotees-were-bitten-by-rats
കൊച്ചി: ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തില് ദര്ശനത്തിനെത്തിയ മൂന്ന് ഭക്തരെ എലികടിച്ച സംഭവത്തില് ഗുരുവായൂര് ദേവസ്വം ബോര്ഡിന് ഹൈക്കോടതിയുടെ വിമര്ശനം. ഭക്തര്ക്ക് സൗകര്യമൊരുക്കാന് ഗുരുവായൂര് ദേവസ്വം ബോര്ഡിന് ബാധ്യതയുണ്ട്. നിയമപരമായ ചുമതല ശ്രദ്ധയോടെയും ജാഗ്രതയോടെയും നിറവേറ്റണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്ശിച്ചു. ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണവും പരിപാലന ചുമതലയും ദേവസ്വത്തിനുണ്ട്. ശ്രദ്ധയോടെയും ജാഗ്രതയോടെയും ക്ഷേത്ര ഭരണസമിതി ചുമതല നിറവേറ്റണമെന്നും ഹൈക്കോടതി വിമര്ശിച്ചു.
സ്വമേധയാ സ്വീകരിച്ച ഹര്ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. സംഭവത്തില് ഗുരുവായൂര് ദേവസ്വം ക്ഷേത്ര ഭരണ സമിതിയും നഗരസഭയും ജില്ലാ മെഡിക്കല് ഓഫീസറും വിശദീകരണം നല്കണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിശദീകരണം നല്കാന് സര്ക്കാരും ഗുരുവായൂര് ദേവസ്വം ബോര്ഡും രണ്ട് ദിവസം കൂടി സമയം തേടി.
ഹര്ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മൂന്ന് ഭക്തര്ക്കാണ് കഴിഞ്ഞ ദിവസം എലികടിയേറ്റത്. നാലമ്പലത്തിലേക്ക് കയറാന് ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളില് നില്ക്കുമ്പോഴായിരുന്നു സംഭവം. ഒരു മാസം മുന്പ് ക്ഷേത്രം കാവല്ക്കാരനും എലിയുടെ കടിയേറ്റിരുന്നു.