

കോട്ടയം: പുതുപ്പള്ളിയില് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മനാണെന്ന് ഉറപ്പിക്കാന് ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇടതുമുന്നണി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കാന് സിപിഐഎമ്മും വൈകില്ല. റെജി സക്കറിയ, ജെയ്ക്ക് സി തോമസ് എന്നവരില് ആര്ക്കെങ്കിലും നറുക്ക് വീഴുമെന്നാണ് സൂചന. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ജെയ്ക്ക് സി തോമസിനെ പത്തനംതിട്ട മണ്ഡലത്തിലേക്ക് സിപിഐഎം പരിഗണിക്കുന്നുണ്ട്. അതിനാല് തന്നെ സഹതാപ തരംഗം അലയടിക്കുമെന്ന് ഉറപ്പുള്ള പുതുപ്പള്ളിയില് ജെയ്ക്കിനെ വീണ്ടും മത്സരിപ്പിക്കാന് സാധ്യതയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില് റെജി സക്കറിയയെ സിപിഐഎം പുതുപ്പള്ളിയില് രംഗത്തിറക്കാനാണ് സാധ്യത. കെഎം രാധാകൃഷ്ണന്റെ പേരും സിപിഐഎം പുതുപ്പള്ളിയില് പരിഗണിക്കുന്നുണ്ട്.
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് കോണ്ഗ്രസ് നേരത്തെ തന്നെ മുതിര്ന്ന നേതാക്കളായ തിരുവഞ്ചൂര് രാധാകൃഷ്ണനെയും കെസി ജോസഫിനെയും ചുമതലപ്പെടുത്തിയിരുന്നു. സിപിഐഎം ഇതിനകം പുതുപ്പള്ളിയില് ഉപതിരഞ്ഞെടുപ്പ് മുന്ഒരുക്കങ്ങള് തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്ത് ചുമതലകള് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്ക്ക് നല്കിയാണ് മണ്ഡലം പിടിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ ജെ തോമസിന് അകലക്കുന്നം, അയര്കുന്നം പഞ്ചായത്തുകളുടെ ചുമതലയും നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനില്കുമാറിന് മണര്കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെ ചുമതല നല്കി. ജില്ലാ സെക്രട്ടറി എ വി റസലിന് കൂരോപ്പട പഞ്ചായത്തിന്റെ ചുമതലയാണ്.
ഉമ്മന് ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗത്തെ മറികടക്കുകയെന്നതാണ് ഉപതിരഞ്ഞെടുപ്പില് ഇടതുമുന്നണിയുടെ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില് ഉമ്മന് ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കാന് കഴിഞ്ഞത് ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. 2016ല് ഉമ്മന് ചാണ്ടിയുടെ ഭൂരിപക്ഷം 33,255 വോട്ടില് നിന്നും 27,092 വോട്ടായി കുറഞ്ഞിരുന്നു. 2021ല് ഉമ്മന് ചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ടായി കുറയ്ക്കാന് ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളില് പുതുപ്പള്ളി ഉള്പ്പെടെ ആറ് പഞ്ചായത്തുകളില് എല്ഡിഎഫിനാണ് ഭരണം. അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളില് എല്ഡിഎഫാണ് ഭരണത്തില്. അയര്കുന്നം മീനടം പഞ്ചായത്തുകളില് മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേര്ന്നത് പുതുപ്പള്ളിയില് കഴിഞ്ഞ പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളില് പ്രതിഫലിച്ചിരുന്നു.
പുതുപ്പള്ളിയില് സെപ്തംബര് 5നാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര് എട്ടിന് വോട്ടെണ്ണല് നടക്കും. നാമനിര്ദേശപത്രിക സമര്പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിര്ദേശ പത്രിക പിന്വലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21നാണ്.