
/topnews/kerala/2023/07/26/the-high-court-quashed-the-action-taken-by-the-magistrate-court-against-aster-medicity
കൊച്ചി: അവയവ കൈമാറ്റം സംബന്ധിച്ച് ആസ്റ്റര് മെഡിസിറ്റിക്ക് എതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 1994ലെ നിയമം അനുസരിച്ച് കേസെടുത്ത എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടികളാണ് റദ്ദാക്കിയത്. ജസ്റ്റിസ് എ എ സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
2019 മാര്ച്ചിലാണ് കേസിനാധാരമായ സംഭവം. കാര് അപകടത്തെ തുടര്ന്ന് പരിക്കേറ്റ അജയ് ജോണിയെന്ന യുവാവിനെ ആശുപത്രിയില് എത്തിച്ചു. ലിവര് സീറോസിസ് ബാധിതനായ അജയ് ജോണിയുടെ കരള് മാറ്റിവെക്കാന് ശ്രമിക്കുകയായിരുന്നു. എന്നാല് അജയ് ജോണിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്പായിരുന്നു കരള് മാറ്റിവെക്കാനുള്ള ശ്രമം. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്പ് നടത്തിയ ശ്രമത്തിലൂടെ അവയവ കൈമാറ്റം വഴിയുള്ള ഗുണഫലം നേടാന് ശ്രമിച്ചുവെന്നാണ് ആക്ഷേപം.
സംഭവത്തില് കൊല്ലം സ്വദേശി ഡോ. എസ് ഗണപതി ആസ്റ്റര് മെഡിസിറ്റിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു. 2021 നവംബറിലാണ് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആസ്റ്റര് മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രകാരമാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതെന്നും അതിന് ശേഷമാണ് കരള് മാറ്റിവെയ്ക്കല് ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു ആസ്റ്റര് മെഡിസിറ്റിയുടെ വാദം.