
/topnews/kerala/2023/07/24/minister-has-sent-a-letter-to-tamil-nadu-over-vizhinjam-port-construction-crisis
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രതിസന്ധിയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില് തമിഴ്നാട് സർക്കാരിന് കത്തയച്ചു. പാറക്കല്ല് വിതരണം നിലച്ച സംഭവത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ഇത് സംബന്ധിച്ച് റിപ്പോർട്ടർ ടിവി വാർത്ത നൽകിയിരുന്നു. ട്രക്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മന്ത്രി ദുരൈസ്വാമിക്കും കന്യാകുമാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി മനുതങ്കരാജിനുമാണ് മന്ത്രി കത്തയച്ചത്. പദ്ധതിയുടെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് പുതുതായി കൊണ്ടുവന്ന നിയന്ത്രണം ഒഴിവാക്കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്.
28 മെട്രിക്ക് ടണ് പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള് മാത്രമേ സര്വ്വീസിന് അനുവദിക്കൂ എന്നാണ് തമിഴ്നാട് ട്രാന്സ്പോര്ട്ട് കമ്മീഷണര് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം പാറ കൊണ്ടുവരുന്നത് വന് ചെലവായതിനാല് ട്രക്കുടമകള് സര്വ്വീസ് നിര്ത്തിവെക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്ത്തിയാക്കാന് സര്ക്കാര് നടത്തുന്ന ശ്രമങ്ങള്ക്ക് ഇത് തിരിച്ചടിയാകും.
തിരുനെൽവേലിയിൽ നിന്നാണ് തുറമുഖ നിർമ്മാണത്തിന് പാറക്കല്ലുകൾ എത്തിക്കുന്നത്. 5000 ടൺ പാറക്കല്ലുകളാണ് വിഴിഞ്ഞത്ത് ഒരു ദിവസം വേണ്ടത്. നിർമാണം പൂർത്തിയാക്കാൻ വേണ്ടത് 20 ലക്ഷം ടൺ പാറക്കല്ലുകളും. പാറക്കല്ലുകളുടെ ലഭ്യതക്കുറവ് ദേശീയപാത നിർമാണത്തെയും ബാധിക്കും. മെറ്റലും മണലും വരുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. തെക്കൻ ജില്ലകളിലെ ദേശീയപാത നിർമാണത്തെയാണ് ഇത് ബാധിക്കുക.