
/topnews/kerala/2023/07/20/abdul-nazer-mahdani-condoles-oommen-chandy
കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹാവിസ്മയമാണ് ഉമ്മൻചാണ്ടി. നീതി നിഷേധത്തിന്റെ കാലത്ത് ഒപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം. തന്നെ സന്ദർശിക്കാൻ സന്മനസ്സ് കാണിച്ച ആളാണ്. തന്റെ പിതാവിനെ കാണാനും ഉമ്മൻചാണ്ടിയെത്തിയെന്ന് മഅ്ദനി പറഞ്ഞു.
നീതി ലഭിക്കാനായി കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കണ്ടിരുന്നു. ദീർഘമായ നീതി നിഷേധത്തിന്റെ കാലത്ത് ലഭിച്ച അത്ഭുതകരമായ വിധിയാണിത്. നീതിന്യായ വ്യവസ്ഥയിൽ നിന്ന് നീതിയുടെ വലിയ ഒരു പ്രകാശം തനിക്ക് ലഭിച്ചു. പിതാവിനെ കാണാൻ പോകാൻ മാത്രം കഴിയും എന്നാണ് പ്രതീക്ഷിച്ചത്. കെ സി വേണുഗോപാൽ, വി എം സുധീരൻ എന്നിവർ വലിയ രീതിയിൽ സഹായിച്ചു. കേരള സർക്കാർ അനുകൂല നിലപാട് എടുത്തെന്നും മഅ്ദനി പ്രതികരിച്ചു.
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മഅ്ദനി ബെംഗളൂരുവിൽ നിന്ന് ഇന്ന് ആണ് കേരളത്തിലെത്തി. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിന് സുപ്രീംകോടതി അനുമതിയോടെയാണ് മഅ്ദനി എത്തിയത്. തിരുവനന്തപുരത്ത് നിന്നും കൊല്ലം അൻവാർശേരിയിലേക്ക് യാത്ര തിരിച്ചു. പന്ത്രണ്ട് ദിവസത്തേക്കാണ് കോടതി മഅ്ദനിക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്. ഇനിയുള്ള കോടതി നടപടികളില് മഅ്ദനിയുടെ സാന്നിധ്യം ആവശ്യമില്ല. അതേസമയം വിചാരണ കോടതി ആവശ്യപ്പെട്ടാല് ഹാജരാകണം എന്നും നിര്ദേശമുണ്ട്.
ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത മഅ്ദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. സുപ്രീംകോടതി നേരത്തേ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും കർണാടക മുൻ സർക്കാർ കടുത്ത വ്യവസ്ഥകൾ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചു. പിതാവിനെ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.