
/topnews/kerala/2023/07/15/mullappally-ramachandran-against-mv-govindan
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎം നടത്തുന്ന സെമിനാർ രാഷ്ട്രീയ കപട നാടകമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉത്തരേന്ത്യയിൽ ബിജെപി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് പോലെ കേരളത്തിൽ മുസ്ലിം ജനവിഭാഗത്തെയാണ് സിപിഐഎം ഉന്നംവയ്ക്കുന്നത്. എം വി ഗോവിന്ദന് ചരിത്രം അറിയില്ലെന്നും അതു കൊണ്ടാണ് പലതും പറയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.
ചരിത്രം വായിക്കാൻ ഗോവിന്ദൻ തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. അംബേദ്കർ മുന്നോട്ട് വെച്ച നിലപാടാണ് കോൺഗ്രസിൻ്റേത്. അതിൽ ഇന്നും നാളെയും അതേ നിലപാട് തന്നെ കോൺഗ്രസ് തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. അവസരവാദപരമായ നിലപാടാണ് സിപിഐഎമ്മിനുള്ളത്. അത് കേരളത്തിലെ മുസ്ലിം ജനവിഭാഗം തിരിച്ചറിയും.
സിപിഐഎമ്മിനുള്ള കുറുക്കൻ്റെ ബുദ്ധി ലീഗ് നേതൃത്വം മനസിലാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐ, സിപിഐഎമ്മിന്റെ പ്രമാണിത്തം അംഗീകരിക്കാത്തത് കൊണ്ടാണ് മുതിർന്ന നേതാക്കൾ സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും സിപിഐക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.