
/topnews/international/2024/07/15/kp-sharma-oli-appointed-as-nepals-new-prime-minister
കാഠ്മണ്ഡു: മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ ജനപ്രതിനിധിസഭയിൽ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നേപ്പാളിൽ കമ്മ്യൂണിസ്റ്റ് നേതാവ് കെ പി ശർമ ഓലിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ അംഗീകരിച്ചു. ഇന്ന് രാവിലെ 11-ന് ശർമ ഓലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാലാം തവണയാണ് ഓലി (72) അധികാരത്തിലെത്തുന്നത്.
ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) അധ്യക്ഷനായ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവൻ്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റ് ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിൻ്റെ പ്രധാനമന്ത്രിയാണ് ഒലി.