
/topnews/international/2024/07/09/ukraines-zelenskyy-on-pm-modi-putin-meet-in-moscow
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ അപലപിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്കി. ഇത് സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്ന് സെലെൻസ്കി പറഞ്ഞു. കുട്ടികളുടെ ആശുപത്രിയില് റഷ്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള് പങ്കുവെച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമമായ എക്സില് യുക്രെയ്ൻ പ്രസിഡൻ്റിന്റെ പ്രതികരണം.
"റഷ്യയുടെ ക്രൂരമായ മിസൈൽ ആക്രമണത്തിൻ്റെ ഫലമായി ഇന്ന് യുക്രെയ്നിൽ 37 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 170 പേർക്ക് പരിക്കേറ്റു. ഒരു റഷ്യൻ മിസൈൽ ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയില്വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയാണ്. സമാധാന ശ്രമങ്ങള്ക്ക് ഇത് വിനാശകരമായ പ്രഹരവുമാണ്', സെലെന്സ്കി കുറിച്ചു.
അതേസമയം, റെക്കോർഡ് വേഗത്തിൽ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അത് ലോകം ശ്രദ്ധിക്കുകയാണെന്നും റഷ്യയിലെ ദ്വിദിന സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. റഷ്യയിൽ ഇന്ത്യ രണ്ട് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിൻ റഷ്യയിലെത്തിയ ഉടൻ തന്നെ മോദിയെ പ്രശംസ കൊണ്ട് മൂടിയിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായെന്ന് പുടിൻ പറഞ്ഞപ്പോൾ മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങൾ കാഴ്ചപ്പാടുകൾ കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.