പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായത്

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ
dot image

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായത്.

ജൂലിയൻ ജയിംസിന്റെ നിയമന വാർത്തയെ പാകിസ്താനിലെ ക്രൈസ്തവ സമൂഹം വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. 'പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹത്തിന് ഇത് അഭിമാനനിമിഷമാണ്. എസ്എസ്ജിയിയിൽ നിന്നുള്ള ആദ്യ ക്രിസ്ത്യൻ കമാൻഡറായ ജൂലിയൻ ജെയിംസിന്റെ നിയമനം ഞങ്ങളെയെല്ലാവരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്'; പാകിസ്താനിലെ മോഡറേറ്റർ ചർച്ച ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.

2023 ഏപ്രിലിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി പാകിസ്ഥാൻ സൈനിക സംഘത്തെ നയിച്ചത് ജെയിംസായിരുന്നു. എന്നാൽ പാകിസ്താന്റെ സൈനിക ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ ജെയിംസ് അല്ല. 2023 മാർച്ചിൽ അന്തരിച്ച, 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നാലാം ഫ്രോണ്ടിയർ ഫോഴ്സ് ഹെയ്ഡ്രി റെജിമെൻ്റിൻ്റെ ഭാഗമായിരുന്ന, പീറ്റർ ഹെയിൻ ആയിരുന്നു ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ.

2009ൽ മറ്റൊരു ക്രൈസ്തവനായ ഓഫീസറായ നോയൽ ഇസ്രായേൽ ഖോഖറിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇദ്ദേഹം നിലവിൽ ഉക്രൈനിലെ പാകിസ്ഥാൻ അംബാസഡറാണ്. ഇത്തരത്തിൽ നിരവധി ക്രൈസ്തവർ സൈന്യത്തിന്റെ പല മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ്റെ 2017-ലെ സെൻസസ് പ്രകാരം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 1.27 ശതമാനമാണ് ക്രിസ്ത്യാനികൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us