
/topnews/international/2024/05/24/narghese-pakistan-item-dancer-from-heeramandi
ലാഹോർ, ഹീരാമണ്ഡിയുടെ നഗരം. *തവായിഫുകൾക്ക് പേരുകേട്ട, അവരുടെ സംഗീതത്തിനും നൃത്തത്തിനും സൗന്ദര്യത്തിനും പേരുകേട്ട നഗരം. 17ാം നൂറ്റാണ്ടിൽ ഷാഹി മഹൽ ആയിരുന്ന ഹീരാമണ്ഡി 1801ൽ സിഖ് രാജാവ് രൺജിത് സിംഗിന്റെ അധിനിവേശത്തിനു ശേഷമാണ് ഹീരാമണ്ഡി ആയത്. ആ പേരിന് പിറകിൽ പല കഥകളുമുണ്ട്. രൺജിത് സിംഗിന്റെ പ്രധാനമന്ത്രിയായിരുന്ന ഹിരാ സിംഗ് ദോഗ്രയാണ് ലാഹോറിന്റെ ഹൃദഭാഗഗത്തുള്ള ഷാഹി മഹലിനെ ദീർഘവീക്ഷണത്തോടെ കാണുകയും അവിടം കലകളുടെയും സംസ്കാരത്തിന്റെയും വ്യാപാരത്തിന്റെയും പ്രധാന താവളമാക്കി മാറ്റുകയും ചെയ്തത്. അങ്ങനെ ഹിരാ സിംഗ് ദി മാണ്ഡി (ഹീരാ സിംഗിന്റെ കമ്പോളം) എന്ന് പേരു വരികയും കാലക്രമേണ ഹീരാമണ്ഡി ആകുകയും ചെയ്തു എന്നാണ് ഒരു കഥ. മറ്റൊന്ന് അവിടുത്തെ സ്ത്രീകളുടെ വർണനാതീതമായ സൗന്ദര്യമാണ് ആ പേരിന് പിന്നിലെന്നാണ്. രൺജിത് സിംഗിന് മുമ്പ് മുഗൾകാലത്ത് അവിടം വജ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം ആയിരുന്നെന്നും ഹീരാ (വജ്രം) കച്ചവടം ചെയ്യുന്ന സ്ഥലം എന്ന അർഥത്തിലാണ് ഹിരാമണ്ഡി ആയതെന്നും മറ്റൊരു കഥയുണ്ട്. എന്തായാലും, ചരിത്രം എക്കാലത്തും ഹീരാമണ്ഡിയെ രേഖപ്പെടുത്തിയത് സുന്ദരികളുടെ ഇടം എന്ന് തന്നെയാണ്.
സഞ്ജയ് ലീലാ ബൻസാലിയുടെ ഹീരാമണ്ഡി വെബ് സീരീസ് പുറത്തിറങ്ങിയതോടെയാണ് ചരിത്രവും കലയും സംസ്കാരവും എല്ലാം ഇഴ ചേർന്ന ഹീരാമണ്ഡി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. ഒപ്പം ഹീരാമണ്ഡിയിൽ നിന്ന് പാകിസ്ഥാൻ സിനിമാ ലോകം കീഴടക്കിയ സുന്ദരികളും വീണ്ടും കഥകളിൽ നിറഞ്ഞു. ഇന്ത്യാവിഭജനത്തോടെ പാകിസ്ഥാന്റെ ഭാഗമായ ലാഹോറിൽ ഹീരാമണ്ഡി ഇപ്പോഴുമുണ്ട്. പ്രതാപമെല്ലാം കെട്ടടങ്ങിയെങ്കിലും അവിടെ നിന്ന് വെള്ളിത്തിരയിലെത്തിയ ആ പേരുകൾ ഇപ്പോഴും ലാഹോറുകാർ മറന്നിട്ടില്ല. നൂർജഹാൻ, മുംതാസ് ശാന്തി, ഖുർഷിദ് ബീഗം എന്നിവരെ ആഘോഷത്തോടെ ഓർത്തുവെക്കുമ്പോഴും പഴയകാല സിനിമാപ്രേമികളിൽ നൊമ്പരമുണ്ടാക്കുന്ന ഒരു പേരുണ്ട്, ഹീരാമണ്ഡിയുടെ നർഗീസ് ബീഗം അഥവാ നിഗോ!
ഹീരാമണ്ഡിയിൽ നിന്നുള്ള തവായിഫായ നർഗീസ് 1960കളിൽ ലോലിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാൻസറായിരുന്നു. അന്ന് ഐറ്റം ഡാൻസ് ആയിരുന്നില്ല, മുജ്റ നൃത്തമായിരുന്നു സിനിമകളിലെ ഹൈലൈറ്റ്. ഹീരാമണ്ഡി സ്ഥിതിചെയ്യുന്ന ലാഹോർ തന്നെയായിരുന്നു പാക് സിനിമകളുടെയും ആസ്ഥാനം. അങ്ങനെയാണ് നൃത്തവൈദഗ്ധ്യത്തിന് പ്രശസ്തയായ നർഗീസ് പാക് സിനിമയിലേക്കെത്തിയത്. ഖാസു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 1972ൽ നിർമാതാവ് ഖാജാ മസാറുമായി നർഗീസ് പ്രണയത്തിലായി. പിന്നീട് ഇവർ വിവാഹിതരായി. നർഗീസിന്റെ കുടുംബത്തിന്റെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. തവായിഫുകൾ വിവാഹിതരാകരുത് എന്ന ഉറച്ച നിലപാടായിരുന്നു നർഗീസിന്റെ അമ്മയ്ക്കുണ്ടായിരുന്നത്. പരമ്പരാഗതമായി തവായിഫുകളായ കുടുംബം നർഗീസിനെയും അങ്ങനെ തന്നെയാകാൻ നിർബന്ധിച്ചു. എന്നാൽ, ഹീരാമണ്ഡിയുപേക്ഷിച്ച് അവൾ ഭർത്താവിനൊപ്പം താമസം തുടങ്ങി.
മകളെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നർഗീസിന്റെ അമ്മ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തു. താൻ ഗുരുതര രോഗത്തിനടിമയാണെന്ന് അഭിനയിക്കുകയും അങ്ങനെ നർഗീസിനെ ഹീരാമണ്ഡിയിൽ തിരിച്ചെത്തിക്കുകയും ചെയ്തു. പിന്നീട് നർഗീസിനെ കാത്തിരുന്നത് ദുരന്തമായിരുന്നു. അമ്മയും കുടുംബാംഗങ്ങളും ചേർന്ന് നർഗീസിനെ വശത്താക്കി. ഭർത്താവ് അവൾക്ക് ചേരുന്നയാളല്ലെന്ന് അവളെ വിശ്വസിപ്പിച്ചു. തുടർന്നും തവായിഫായി മുജ്റ നൃത്തവുമായി അവൾ ഹീരാമണ്ഡിയിൽ സജീവമായി. ഭാര്യ തിരികെ വരാതായതോടെ ഖാജാ മസാർ അവളെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി. പലർ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഹീരാമണ്ഡിയിൽ നേരിട്ടെത്തിയ ഖാജാ മസാർ ഇതേച്ചൊല്ലി നർഗീസുമായി വാക്കേറ്റത്തിലായി, കയ്യിൽ കരുതിയ തോക്കുപയോഗിച്ച് നർഗീസിനെ കൊലപ്പെടുത്തി. നർഗീസിന്റെ അമ്മാവനും സംഗീതജ്ഞനും അന്ന് കൊല്ലപ്പെട്ടു. കൊലപാതകക്കുറ്റത്തിന് പിടിയിലായ ഖാജാ മസാർ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ മരിച്ചു.
*തവായിഫ്- ഗണിക, രാജദാസി (നവാബുകൾക്കു വേണ്ടിയായിരുന്നു ഹീരാമണ്ഡിയിലെ തവായിഫുകളുടെ ജീവിതം)