
/topnews/international/2024/03/09/maldives-records-big-drop-in-indian-tourists
ന്യൂഡൽഹി: മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായതായി മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയും മാലിയും തമ്മിലുള്ള നയതന്ത്ര തർക്കം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ടൂറിസം മന്ത്രാലയത്തിൻ്റെ 2023-ലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് 4 വരെ 41,054 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചു.
ഈ വർഷം മാർച്ച് 2 വരെ രേഖപ്പെടുത്തിയ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം 27,224 ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13,830 കുറവാണ്. കഴിഞ്ഞ വര്ഷം മാലിദ്വീപ് ടൂറിസത്തിന്റെ പത്തുശതമാനത്തോളം ഇന്ത്യയില്നിന്നായിരുന്നു. നിലവില് ചൈനയില് നിന്നാണ് കൂടുതലാളുകള് മാലിദ്വീപിലേക്കെത്തുന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപിലെ മൂന്നു മന്ത്രിമാര് അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തുകയും ചെയ്തിരുന്നു.
മാത്രമല്ല, മാലിദ്വീപ് ചൈനയോട് അടുക്കുന്നതിന്റെ സൂചനകളായും ഇതിനെ വിലയിരുത്തുന്നുണ്ട്. ചൈന അനുകൂലിയെന്ന നിലയിലാണ് മുയിസു അറിയപ്പെടുന്നത്. മാലിദ്വീപിൻ്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മുയിസു ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.