
/topnews/international/2023/07/11/volodymyr-zelensky-said-ukraine-wiil-be-in-nato
കീവ്: യുക്രെയ്ന് നാറ്റോ അംഗത്വം ലഭിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. ഇന്ന് നടക്കാനിരിക്കുന്ന നാറ്റോയുടെ ഉച്ചകോടിക്ക് മുന്നോടിയായി അംഗത്വം ലഭിക്കും. സൈനിക ഗ്രൂപ്പിൽ ചേരുമെന്നാണ് പ്രതീക്ഷ. വാക്കിലൂടെ തങ്ങൾക്ക് അംഗത്വം ലഭിച്ചിട്ടുണ്ടെന്നും സെലൻസ്കി പറഞ്ഞു.
നാറ്റോയുടെ ആയുധങ്ങളുളളതിനാൽ യുക്രെയ്ന്റെ അംഗത്വം ഉച്ചകോടി സ്ഥിരീകരിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. വ്യത്യസ്ത നിലപാടുകൾ ഉയർന്നുവന്നാലും യുക്രെയ്ന് സഖ്യത്തിലായിരിക്കാൻ അർഹതയുണ്ടെന്ന് ഇപ്പോഴും വ്യക്തമാണ്. ഇവിടെ യുദ്ധമുണ്ട്. തങ്ങൾക്ക് വ്യക്തമായ ഒരു സിഗ്നൽ ആവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.
ലിത്വാനിയയിൽ ഇന്ന് നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വീഡനെ നാറ്റോയുടെ 32-ാമത് അംഗമായി സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്റെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തിരുന്നു.
യൂറോ-അറ്റ്ലാന്റിക് മേഖലയിൽ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാനുമായി സഹകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉറുദുഗാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ക്രിസ്റ്റേഴ്സണെയും സ്വീഡനെയും തങ്ങളുടെ 32-ാമത് നാറ്റോ സഖ്യകക്ഷിയായി സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. നാറ്റോയുടെ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബെർഗിന്റെ ഉറച്ച നേതൃത്വത്തിന് നന്ദിയുണ്ടെന്നും ജോ ബൈഡൻ അറിയിച്ചു.
നേരത്തെ യുക്രെയ്ന് നാറ്റോയിൽ അംഗത്വത്തിന് യോഗ്യതയുണ്ടെന്ന് റജബ് ത്വയ്യിബ് ഉറുദുഗാൻ പറഞ്ഞിരുന്നു. യുക്രെയ്ന് നാറ്റോ അംഗത്വം വേണമെന്നതിൽ ഒരു സംശയവുമില്ല. റഷ്യയുമായുളള യുദ്ധത്തിൽ നിന്ന് മാറി സമാധാന ശ്രമങ്ങളിലേക്ക് നീങ്ങണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയോട് ഉറുദുഗാൻ അഭ്യാർത്ഥിച്ചിരുന്നു. ലിത്വാനിയയിലെ വിൽനിയസിൽ ആണ് നാറ്റോയുടെ ഉച്ചക്കോടി നടക്കുന്നത്.