കിവിസിനോട് കണക്ക് തീർക്കണം; ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്നിറങ്ങും

ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ പലതവണ ഇന്ത്യയെ തോൽപ്പിച്ച ആത്മവിശ്വാസമാണ് ന്യുസീലൻഡിനുള്ളത്.

dot image

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി കടമ്പ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. നാല് വർഷം മുമ്പ് നടന്ന ലോകകപ്പ് സെമിയില് നേരിട്ട പരാജയം ഇന്നും ഇന്ത്യന് ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിലുണ്ട്. മാഞ്ചസ്റ്ററിൽ സംഭവിച്ചതിന് പ്രിയപ്പെട്ട വാങ്കഡെയിൽ മറുപടി നൽകുവാൻ ഇന്ത്യൻ ടീമിലെ 11പേരും തയ്യാറെടുത്തു കഴിഞ്ഞു. കണക്കിലും ചരിത്രത്തിലും ഭയം വേണ്ടെന്ന് പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മയിലാണ് ടീമിന്റെ പ്രതീക്ഷയുടെ തുടക്കം.

ലോകകപ്പിൽ ഇതുവരെ മികച്ച തുടക്കം നൽകാൻ രോഹിത് ശർമ്മയ്ക്ക് കഴിഞ്ഞു. പിന്നാലെ വരുന്നവർക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ മികച്ച തുടക്കങ്ങൾ സഹായിച്ചു. പതിവ് ആവർത്തിച്ചാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ബൗളിംഗിലും ഇന്ത്യ ഫോമിലാണ്. ബുംറയും സിറാജും ഷമിയും ഉൾപ്പെടുന്ന ത്രയം ഏത് ടീമിനും വെല്ലുവിളിയാണ്. കറക്കി വീഴ്ത്താൻ കുൽദീപും ജഡേജയുമുണ്ട്. കപിലിനും ധോണിക്കും സാധിച്ചത് രോഹിത് ശർമ്മ ആവർത്തിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.

ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ പലതവണ ഇന്ത്യയെ തോൽപ്പിച്ച ആത്മവിശ്വാസമാണ് ന്യുസീലൻഡിനുള്ളത്. 2000ത്തിലെ ചാമ്പ്യൻസ് ട്രോഫി, 2019 ലോകകപ്പ് സെമി, 2021ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നിവയിൽ കിവിസ് ഇന്ത്യൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി. ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര ഇന്ത്യൻ സ്പിന്നേഴ്സിനെ അടിച്ചുതകർക്കാൻ സാധ്യതയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രവീന്ദ്രയുടെ മികവ് കണ്ടതാണ്. ഏങ്കിലും 20 വർഷത്തിന് ശേഷം ഐസിസി ടൂർണമെന്റിൽ ഇന്ത്യ ന്യുസീലൻഡിനെ തോൽപ്പിച്ചു. ഇനി ലക്ഷ്യം വാങ്കഡെയിൽ നിന്ന് അഹമ്മദാബാദിലേക്ക് യോഗ്യത നേടുക എന്നതാണ്. ആവേശപ്പോരാട്ടത്തിനായി കാത്തിരിക്കാം.

dot image
To advertise here,contact us
dot image