

പൂനെ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. മികച്ച ലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ബൗളിംഗ് മോശമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 307 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 44.4 ഓവറിൽ ഓസീസ് മറികടന്നു. 177 റൺസെടുത്ത് പുറത്താകാതെ നിന്ന മിച്ചൽ മാർഷാണ് ഓസ്ട്രേലിയക്ക് അനായാസ ജയം ഒരുക്കിയത്. ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം വിജയമാണിത്.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ഓസീസ് പേസ് നിരയെ നാലുംപാടും പായിച്ച് ബംഗ്ലാദേശ് ബാറ്റർമാർ അമ്പരപ്പിച്ചു. ആദ്യ വിക്കറ്റിൽ 76 റൺസ് പിറന്നു. 36 റൺസെടുത്ത തൻസീദ് ഹസ്സനാണ് ആദ്യം മടങ്ങിയത്. പിന്നാലെ ലിട്ടൺ ദാസും 36 റൺസെടുത്ത് മടങ്ങി. നജ്മുൾ ഹൊസൈൻ ഷാന്റോയുടെ 45ഉം ടൗഹിദ് ഹൃദോയുടെ 74ഉം ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ചു.
ഇംഗ്ലീഷ് പവർ; പാകിസ്താനെതിരെ മികച്ച സ്കോർ ഉയർത്തി ഇംഗ്ലണ്ട്മഹ്മദുള്ളാഹ് 32, മുഷ്ഫിക്കർ റഹീം 21, മെഹിദി ഹസ്സൻ 29 എന്നിവർ ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചു. 50 ഓവറിൽ ബംഗ്ലാദേശ് എട്ടിന് 306 റൺസ് അടിച്ചെടുത്തു. മറുപടി പറഞ്ഞ ഓസീസ് നിരയിൽ ട്രാവിസ് ഹെഡ് മാത്രമാണ് നിരാശപ്പെടുത്തിയത്. 10 റൺസുമായി ഹെഡ് മടങ്ങി. പിന്നീടങ്ങോട്ട് ഓസീസ് പടയോട്ടമാണ് കണ്ടത്. 132 പന്തിൽ 17 ഫോറും ഒമ്പത് സിക്സും സഹിതം 177 റൺസുമായി മാർഷിന്റെ തകർപ്പൻ ഇന്നിംഗ്സ്. സ്റ്റീവ് സ്മിത്ത് പുറത്താകാതെ 63 റൺസും നേടി. പിരിയാത്ത മൂന്നാം വിക്കറ്റിൽ 175 റൺസും മാർഷ്-സ്മിത്ത് സഖ്യം കൂട്ടിച്ചേർത്തു.