
കൊൽക്കത്ത: ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ മുന്നേറുകയാണ്. കളിച്ച എട്ട് മത്സരങ്ങളും എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യ ജയിച്ചുകയറി. പക്ഷേ ഇന്ത്യയുടെ വിജയത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. പാകിസ്താൻ മുൻ താരങ്ങളാണ് ഇന്ത്യൻ വിജയങ്ങളിൽ സംശയങ്ങൾ ഉന്നയിച്ചത്. ലോകകപ്പിൽ ഇന്ത്യൻ ബൗളർമാരുടെ മിന്നും പ്രകടനത്തിനായി പ്രത്യേക പന്ത് നൽകിയെന്നും താരങ്ങളുടെ മികച്ച പ്രകടനത്തിനായി ഡിആർഎസ് കൃത്രിമം നടന്നുവെന്നും പാക് മുൻ താരം ഹസ്സൻ റാസ ആരോപിച്ചിരുന്നു. എന്നാൽ പാക് മുൻ താരത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രംഗത്തെത്തി.
മണ്ടത്തരങ്ങൾ പറയുന്നതിന് പകരം കളി ആസ്വദിക്കുവാനാണ് പാക് മുൻ താരത്തിന് ഷമിയുടെ ഉപദേശം. ഇത് ഐസിസിയുടെ ലോകകപ്പ് ക്രിക്കറ്റാണ്. ഒരു പ്രാദേശിക മത്സരമല്ല. താങ്കൾക്ക് പാക് മുൻ താരമായ വസീം അക്രം മറുപടി നൽകിയതല്ലേയെന്നും ഷമി ചോദിച്ചു. വ്യക്തിഗത താൽപ്പര്യങ്ങളാണ് പാക് മുൻ താരത്തിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്നും ഷമി ആരോപിച്ചു.
ലോകകപ്പിൽ നാല് മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമി ഇതുവരെ 16 വിക്കറ്റുകൾ സ്വന്തമാക്കി. ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങാതെയിരുന്ന ഷമി അവസരം ലഭിച്ചപ്പോൾ തകർപ്പൻ പ്രകടനം നടത്തി. ന്യുസിലൻഡിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റുകളാണ് ഷമി നേടിയത്.