'ഈ മഹാവിജയം ലോകകപ്പില് ഇന്ത്യയാണ് ഏറ്റവും മികച്ച ടീമെന്ന് തെളിയിക്കുന്നത്': സുനില് ഗവാസ്കര്

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തില് 243 റണ്സിന്റെ തകര്പ്പന് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

dot image

കൊല്ക്കത്ത: ലോകകപ്പില് ദക്ഷിണാഫ്രിക്കക്കെതിരെ 243 റണ്സിന്റെ പടുകൂറ്റന് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. തുടര്ച്ചയായ എട്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളില് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ടൂര്ണമെന്റിലെ ഏഴാം മത്സരത്തില് ശ്രീലങ്കയെ 302 റണ്സുകള്ക്ക് തകര്ത്തതോടെ ഇന്ത്യ സെമി ബെര്ത്ത് ഉറപ്പിച്ചിരുന്നു. എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ 2023ലെ ഏകദിന ലോകകപ്പില് സെമി പ്രവേശനം നേടിയ ആദ്യ ടീമായി മാറിയത്. ഇപ്പോള് ഇന്ത്യന് ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് താരം സുനില് ഗവാസ്കര്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ വന് വിജയം ലോകകപ്പില് ഇന്ത്യയാണ് മികച്ച ടീമെന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങള് ചാമ്പ്യന്മാരാവാന് ആഗ്രഹിക്കുന്നുണ്ടെങ്കില് നിങ്ങള് വലിയ വിജയം നേടണം. നിങ്ങളാണ് മികച്ച ടീമെന്ന് ടൂര്ണമെന്റിലുടനീളം തെളിയിക്കണം. ഇതുതന്നെയാണ് ഇന്ത്യന് ടീം ചെയ്യുന്നത്. നെതര്ലന്ഡ്സിനെതിരെയുള്ള മത്സരം ഒരുപക്ഷേ അപ്രസക്തമായേക്കാം. കാരണം ഇന്ത്യ ഇപ്പോള് ഒന്നാമതാണ്. എന്നാല് നോക്കൗട്ട് ഘട്ടത്തില് എത്തിക്കഴിഞ്ഞാല് എവിടെയും കാലിടറാന് അവര് ആഗ്രഹിക്കുന്നുണ്ടാകില്ല', ഗവാസ്കര് പറഞ്ഞു.

നോക്കൗട്ടിന് മുന്പ് തന്നെ താളം കണ്ടെത്താന് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഗവാസ്കര് പറഞ്ഞു. 'ഗ്രൂപ്പ് ഘട്ടത്തില് അടുത്ത മത്സരമുണ്ടല്ലോ അപ്പോള് നോക്കാമെന്ന മനോഭാവമായിരിക്കും ടീമുകള്ക്ക്. എന്നാല് നോക്കൗട്ട് റൗണ്ട് എത്തുമ്പോഴേക്കും ഈ സമീപനം മാറും. നോക്കൗട്ടില് മോശം ദിവസമുണ്ടായാല് പിന്നീട് നോക്കാന് മറ്റൊരു ദിവസമില്ല. അതുകൊണ്ട് തന്നെ ടീമുകള് വിജയതാളം കണ്ടെത്തേണ്ടിയിരിക്കുന്നു. അതാണ് ഇന്ത്യന് ടീം ഇപ്പോള് ചെയ്യുന്നത്', ഗവാസ്കര് കൂട്ടിച്ചേര്ത്തു.

ഞായറാഴ്ച ഈഡന് ഗാര്ഡന്സില് നടന്ന മത്സരത്തില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 326 റണ്സാണ് അടിച്ചെടുത്തത്. കോഹ്ലിയുടെ തകര്പ്പന് ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ ഹിമാലയന് ടോട്ടല് സ്വന്തമാക്കിയത്. ശ്രേയസ് അയ്യരുടെ അര്ധ സെഞ്ച്വറിയും ഇന്ത്യന് ഇന്നിങ്സിന് കരുത്തായി. 327 റണ്സെന്ന വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 83 റണ്സിന് ഓള്ഔട്ടായതോടെ ഇന്ത്യ 243 റണ്സിന്റെ തകര്പ്പന് വിജയം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില് അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.

dot image
To advertise here,contact us
dot image