
May 21, 2025
05:42 PM
ഡൽഹി: ഏകദിന ലോകകപ്പിൽ അടുത്ത മത്സരത്തിൽ ഇന്ത്യ ഷാർദുൽ താക്കൂറിനെ പുറത്തിരുത്തണമെന്ന് കോൺഗ്രസ് എം പിയും ക്രിക്കറ്റ് നിരീക്ഷകനുമായ ശശി തരൂർ. റൺസേറെ വിട്ടുകൊടുക്കുന്ന ഷർദിലിന് പകരം മികച്ച ഫോമിലുള്ള മുഹമ്മദ് ഷമിയുടെ പേരാണ് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടിയത്. പരിക്കുകാരണം അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായ ഹർദിക്ക് പാണ്ഡ്യയ്ക്കും തരൂർ പകരക്കാരനെ നിര്ദേശിച്ചത്. വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിന് അവസരം നൽകണമെന്നാണ് തരൂരിന്റെ വാക്കുകൾ.
‘ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യ കളിക്കാനുണ്ടാകില്ല. മറ്റൊരു ഓൾറൗണ്ടർ ടീമിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും അതുണ്ടാക്കുന്ന അഭാവം രണ്ട് മാറ്റങ്ങൾ കൊണ്ട് പരിഹരിക്കാൻ കഴിയും. ഷാർദുൽ താക്കൂറിനെ മാറ്റി ആ സ്ഥാനത്ത് മുഹമ്മദ് ഷമിയെ കൊണ്ടുവരണം. ഹാർദിക് വിട്ടുനിൽക്കുന്നതിനാൽ സൂര്യകുമാർ യാദവിനും അവസരം നൽകണം. ലോകകപ്പിൽ ആദ്യ നാല് മത്സരങ്ങളും ജയിച്ച ടീമുകൾ തമ്മിലാണ് ധർമ്മശാലയിൽ ഏറ്റുമുട്ടുന്നത്. സാധ്യമായതിൽ ഏറ്റവും മികച്ച ഇലവനെ ഇന്ത്യ തെരഞ്ഞെടുക്കേണ്ടതുണ്ട്’ തരൂർ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ കാലിനേറ്റ പരിക്കിനെ തുടർന്നാണ് ഹാർദിക്ക് വിട്ടുനിൽക്കുന്നത്. വിദഗ്ധ ചികിത്സക്കായി ഹാർദിക്കിനെ ബെംഗളൂരുവിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ഹാർദിക്കിനെ ചികിത്സിക്കുന്നത്. ലോകകപ്പിൽ ഇന്ത്യ ഏറെ ആശ്രയിക്കുന്ന ഹർദിക്കിന് ഏഴ് ദിവസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29ന് ലഖ്നൗവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലും ഹാർദിക്ക് കളിക്കുവാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.