
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യൻ ആധിപത്യം തുടരുന്നു. ലോകകപ്പിൽ എട്ടാം തവണയും ഇന്ത്യയ്ക്ക് മുന്നിൽ പാക് സംഘം തോൽവിയറിഞ്ഞു. ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. പാകിസ്താൻ ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യം വെറും 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് മുതൽ എല്ലാം പാകിസ്താന് പിഴച്ചു. ഇന്ത്യയ്ക്ക് അനുകൂലമായി ടോസ് ലഭിച്ചതോടെ പാകിസ്താനെ ബാറ്റിങ്ങിന് അയക്കാൻ രോഹിത് ശർമ്മ തീരുമാനിച്ചു. ഇന്ത്യയ്ക്കെതിരെ മെച്ചപ്പെട്ട തുടക്കമാണ് പാകിസ്താന് ലഭിച്ചത്. ആദ്യ വിക്കറ്റ് വീണപ്പോൾ പാകിസ്താൻ സ്കോർബോർഡിൽ 41 റൺസ് ചേർത്തിരുന്നു. അബ്ദുൾ ഷെഫീക്ക് 20, ഇമാം ഉൾ ഹഖ് 36, ബാബർ അസം 50, മുഹമ്മദ് റിസ്വാൻ 49 എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒരു ഘട്ടത്തിൽ 3ന് 162 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്താൻ. പക്ഷേ അവസാന ഏഴ് വിക്കറ്റുകൾ വെറും 29 റൺസിനിടെ പാക് താരങ്ങൾ വലിച്ചെറിഞ്ഞു. 42.5 ഓവറിൽ പാകിസ്താൻ വെറും191 റൺസിന് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ പങ്കിട്ടു.
മറുപടി പറഞ്ഞ ഇന്ത്യ ട്വന്റി 20 ശൈലിയിലാണ് ബാറ്റുവീശിയത്. 11 പന്തിൽ 16 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 145ന് മുകളിലായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചേർന്ന് പുറത്തെടുത്ത ക്ലാസിക് ഷോട്ടുകൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
16 റൺസ് മാത്രമാണ് കോഹ്ലി നേടിയതെങ്കിലും ഷഹീൻ ഷാ അഫ്രീദിക്കെതിരെ കോഹ്ലിയുടെ കവർ ഡ്രൈവ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. പാക് ബൗളർമാരെ മാറി മാറി ഗ്യാലറിയിലെത്തിച്ച രോഹിത് ശർമ്മ 86 റൺസെടുത്താണ് പുറത്തായത്. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരും അതിവേഗം സ്കോർ ചെയ്തു. മത്സരം വിജയിക്കുമ്പോൾ 19 റൺസുമായി കെ എൽ രാഹുലാണ് ശ്രേയസ് അയ്യരിന് ഒപ്പം നിന്നത്. ശ്രേയസ് അയ്യർ പുറത്താകാതെ 53 റൺസുമെടുത്തു പാകിസ്താനെതിരായ അനായാസ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.