
ന്യൂഡല്ഹി: ലോകകപ്പില് വിജയതേരോട്ടം തുടരാന് ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില് ഓസ്ട്രേലിയയെ തകര്ത്തതിൻ്റെ ആത്മവിശ്വാസത്തില് രോഹിത് ശര്മ്മയും സംഘവും ഇറങ്ങുമ്പോള് അഫ്ഗാനിസ്താനാണ് എതിരാളികള്. ആദ്യ മത്സരത്തില് ബംഗ്ലാദേശിനോടേറ്റ തോല്വിയില് നിന്ന് കരകയറാനായിരിക്കും അഫ്ഗാന് പട ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-അഫ്ഗാന് മത്സരം.
ആദ്യമൊന്ന് പകച്ചെങ്കിലും ഓസീസിനെ ചുരുട്ടിക്കെട്ടി വിജയിച്ചുതുടങ്ങിയ നീലപ്പട വിജയത്തില് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സ്ഥിരം ഓപ്പണര് ശുഭ്മാന് ഗില് ഇല്ലാതെയാണ് ഇന്ത്യ അഫ്ഗാനെ നേരിടാനിറങ്ങുന്നത്. ഡെങ്കിപ്പനി ബാധിച്ച് ഓസീസിനെതിരായ ആദ്യ മത്സരം നഷ്ടമായ ഗില് അഫ്ഗാനെതിരെയും കളിക്കാനിറങ്ങില്ല. താരത്തിന് പാകിസ്താനെതിരെ നടക്കുന്ന മൂന്നാം മത്സരവും നഷ്ടമാകുമെന്നാണ് ഒടുവിലെത്തുന്ന റിപ്പോര്ട്ടുകള്. ഗില്ലിന് പകരം ഇഷാന് കിഷന് തന്നെയായിരിക്കും രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങുക.
വിരാട് കോഹ്ലി-കെഎല് രാഹുല് സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്ക്കും ഫോം തുടരാനും സമ്മര്ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. മധ്യനിരയില് സൂര്യകുമാര് യാദവിന് ഇന്ന് അവസരം ലഭിച്ചേക്കാം. ആദ്യ മത്സരത്തില് ബെഞ്ചിലിരുന്ന പേസര് മുഹമ്മദ് ഷമിക്ക് ഇന്ന് അവസരം ലഭിച്ചേക്കാം. അഫ്ഗാനെതിരെ നാലുവര്ഷങ്ങള്ക്ക് മുന്പ് പേസര് മുഹമ്മ് ഷമി ഹാട്രിക് നേടിയിരുന്നു. എന്നാല് ഷമിയെ ഉള്പ്പെടുത്തിയാല് ബാറ്റിങ് കരുത്ത് കുറയും. ഈ സാഹചര്യത്തില് ശാര്ദുല് ഠാക്കൂറിനെ ഉള്പ്പെടുത്താനും സാധ്യതയുണ്ട്.
മറുവശത്ത് കരുത്തുറ്റ സ്പിന് നിരയാണ് അഫ്ഗാന് പടയുടെ കരുത്ത്. റാഷിദ് ഖാന് നേതൃത്വം നല്കുന്ന സ്പിന് നിര അപകടകാരികളാണ്. മുജീബ് ഉര് റഹ്മാനും നൂര് അഹമ്മദുമെല്ലാം മികവ് തെളിയിച്ച സ്പിന്നര്മാരാണ്. ഇന്ത്യന് നിരയില് ശ്രേയസ് അയ്യര്ക്ക് സ്പിന്നര്മാര്ക്കെതിരെ മികച്ച റെക്കോര്ഡുണ്ട്. പേസര്മാരെ കടന്നാക്രമിക്കാനാകും ഇന്ത്യന് ബാറ്റര്മാര് ശ്രമിക്കുക. പേസര്മാര്ക്ക് അനുകൂലമായ പിച്ചാണ് ന്യൂഡല്ഹി സ്റ്റേഡിയം. അങ്ങനെയെങ്കില് ഇന്ത്യന് സ്പിന്നര്മാരായ ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ് എന്നിവരില് ആരെങ്കിലും പുറത്തിരിക്കേണ്ടിവരും. അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല് വിക്കറ്റ് നേടിയിട്ടുള്ള റെക്കോര്ഡ് ജഡേജയ്ക്കാണ്. അങ്ങനെയാണെങ്കില് അശ്വിനായിരിക്കും പുറത്താകാനുള്ള സാധ്യത കൂടുതല്.