നിര്ഭാഗ്യത്തിന്റെ മുറിവുണക്കാന് കിവീസും വിജയിച്ചു തുടങ്ങാന് ഇംഗ്ലണ്ടും;ഇന്ന് തുല്യശക്തികളുടെ പോര്

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്ഡും തമ്മിലാണ് 2023 ലോകകപ്പിലെ ആദ്യ മത്സരം

dot image

2019 ക്രിക്കറ്റ് ലോകകപ്പ് എവിടെയാണോ അവസാനിച്ചത് അവിടെ നിന്നാണ് 2023 ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്ഡും തമ്മിലാണ് 2023 ലോകകപ്പിലെ ആദ്യ മത്സരം. ആദ്യ മത്സരത്തില് തന്നെ അതേ ശത്രുക്കളെ വീണ്ടുംഎതിരാളികളായി കിട്ടിയ ന്യൂസിലന്ഡിന് തീര്ക്കാന് കുറച്ചുകണക്കുകള് ബാക്കിയുണ്ട്. കഴിഞ്ഞ ലോകകപ്പില് സൂപ്പര് ഓവറില് സമനില പിടിച്ചിട്ടും ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന് മുന്നില് കിവീസിന് അടിയറവ് പറയേണ്ടി വന്നത്. നിര്ഭാഗ്യം കൊണ്ടു മാത്രം അന്ന് നഷ്ടപ്പെട്ട ലോകകിരീടം തിരിച്ചുപിടിക്കാന് മാത്രമല്ല ന്യൂസിലന്ഡ് ടീം ഇന്ത്യയില് എത്തിയത്. മറിച്ച് നാല് വര്ഷം മുന്പ് നടന്ന കലാശപ്പോരില് പൊരുതിവീണതിന്റെ മുറിവുണക്കാനും കൂടിയാണ്. ലോക ചാമ്പ്യന്മാര് വിജയിച്ചുതുടങ്ങണമെന്ന പെരുമ കാക്കുന്നതിന് വേണ്ടി ഇംഗ്ലണ്ടും ഒരുങ്ങിയിറങ്ങുമ്പോള് തുല്യശക്തികളുടെ ഏറ്റുമുട്ടലിനായിരിക്കും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

ക്യാപ്റ്റന് കെയ്ന് വില്യംസണും സ്റ്റാര് പേസര് ടിം സൗത്തിയും ഇല്ലാതെയാണ് ന്യൂസിലന്ഡ് ആദ്യ പോരിനിറങ്ങുക. പരിക്കാണ് പ്രശ്നം. കെയ്ന് വില്യംസണിന്റെ അഭാവത്തില് ടോം ലാഥമായിരിക്കും കിവീസിനെ നയിക്കുക. ടിം സൗത്തിയില്ലെങ്കിലും ട്രെന്റ് ബോള്ട്ട്, മാറ്റ് ഹെന്ട്രി, ലോക്കി ഫെര്ഗ്യൂസണ്, ജെയിംസ് നീഷം എന്നിവരടങ്ങിയ അപകടം വിതക്കുന്ന പേസ് നിര ന്യൂസിലന്ഡിനുണ്ട്. സ്പിന്നര്മാരെയും പേടിക്കണം. മിച്ചല് സാന്റ്നറും ഇഷ് സോധിയും എതിരാളികള്ക്ക് ഭീഷണി സൃഷ്ടിക്കുന്നതാണ്. കെയ്ന് വില്യംസണിന്റെ അഭാവത്തില് ബാറ്റിങ് നിര എത്രകണ്ട് അപകടം വിതക്കുമെന്ന് കണ്ടറിയാം.

ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമുമായാണ് വിശ്വജേതാക്കള് കിരീടം പ്രതിരോധിക്കാന് ഇന്ത്യയിലെത്തിയത്. ലോകകപ്പിന് തൊട്ടുമുന്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലന്ഡിനെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. വിരമിക്കല് പിന്വലിച്ച് ടീമിലെത്തിയ ബെന് സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ട് മുന്നേറ്റത്തിന്റെ കുന്തമുന. ഹാരി ബ്രൂക്കും ഡേവിഡ് മലനും ജോണി ബെയര്സ്റ്റോയും ജോസ് ബട്ലറും ലിയാം ലിവിംഗ്സ്റ്റണും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ടീമിനും ഭീഷണിയാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image