ലോകകപ്പിലെ സൂപ്പർ ഓവർ ത്രില്ലർ; 2019ലെ ലോകപോരാട്ടത്തെ അവിസ്മരണീയമാക്കിയ ഫൈനൽ

രോഹിത് ശർമ്മ അഞ്ച് സെഞ്ചുറികൾ നേടിയ ലോകകപ്പാണ് 2019ലേത്

dot image

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം കണ്ട മഹാരഥന്മാരിൽ നിന്നും വിരാട് കോഹ്ലി, രോഹിത് ശര്മ്മ, റഷീദ് ഖാന്, സ്റ്റീവ് സ്മിത്ത്, കെയ്ന് വില്യംസണ്, ജോസ് ബട്ലര്, ബാബര് അസം അങ്ങനെ നീളുന്ന പ്രതിഭകളുടെ നിരയിലേക്ക് ക്രിക്കറ്റ് എന്ന വിനോദം മാറിയിരിക്കുന്നു. കഴിഞ്ഞ തവണത്തെ ലോകകപ്പ് ഫൈനലിസ്റ്റുകളായിരുന്ന ന്യൂസിലാൻഡും ഇംഗ്ലണ്ടും ഉദ്ഘാടന മത്സരത്തില് ഇത്തവണ ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിന്റെ ഓർമ്മ നാളത്തെ മത്സരത്തിനിറങ്ങുമ്പോൾ ഇരുടീമുകൾക്കും ഉണ്ടാകും. ചില മത്സരങ്ങൾ, ചില താരങ്ങൾ, ചില പ്രകടനങ്ങൾ തുടങ്ങിയവ ഓരോ ലോകകപ്പിനെയും അവിസ്മരണീയമാക്കുന്നു. അങ്ങനെ ചിലത് 2019ലെ ലോകകപ്പിലും ഉണ്ടായിരുന്നു.

ക്രിക്കറ്റിന്റെ ഉത്ഭവത്തിന് കാരണമായ മണ്ണ് 20 വർഷത്തിന് ശേഷം ലോകപ്പിന് ആതിഥ്യമരുളി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ആതിഥേയര്ക്ക് നല്ല തുടക്കം. ഇംഗ്ലണ്ടിന്റെ 8ന് 311ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 207 റൺസിൽ എല്ലാവരും പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അട്ടിമറി നേരിട്ടു. ബംഗ്ലാദേശിന്റെ 6ന് 330 റൺസിന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 8ന് 309 റൺസെടുത്തപ്പോഴേയ്ക്കും ഓവർ തീർന്നുപോയി.

ഇന്ത്യയുടെ ആദ്യ വിജയവും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറി നേടി. ലോകകപ്പിന്റെ ഒരു പതിപ്പിൽ അഞ്ച് സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലേക്കുള്ള രോഹിതിന്റെ തുടക്കം ഈ മത്സരത്തിൽ നിന്നായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ ജയിച്ചു. ന്യൂസിലാൻഡിനെതിരായ മത്സരം മഴ മുടക്കി. പാകിസ്താനെ ഏഴാം തവണയും ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടുത്തി.

വമ്പൻ ടീമുകളോട് അനായാസം ജയിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ വലിയ പരീക്ഷണം നേരിട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ പുലികൾക്ക് നേടാനായത് 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് മാത്രം. ഇന്ത്യയെന്ന ടീമിനെ അട്ടിമറിക്കാൻ പോന്ന പരിചയം അഫ്ഗാൻ നിരയ്ക്ക് ഇല്ലായിരുന്നു. അതുകൊണ്ട് മാത്രം 49.5 ഓവറിൽ അഫ്ഗാൻ പോരാട്ടം 213ൽ അവസാനിച്ചു. 11 റൺസിന്റെ തോൽവിയിലും അഫ്ഗാന് ഇന്ത്യൻ ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങി.

പാകിസ്താനെയും അഫ്ഗാൻ നിര വിറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 9 വിക്കറ്റിന് 227 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 6ന് 156 എന്ന് തകർന്നു. ഇമാദ് വസീം പുറത്താകാതെ നേടിയ 49 ഇല്ലായിരുന്നെങ്കിൽ കഥ മാറിയേന്നെ. മൂന്ന് വിക്കറ്റിന്റെ ജയം രണ്ട് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ പിടിച്ചുവാങ്ങി.

ന്യൂസിലാൻഡ് - വെസ്റ്റ് ഇൻഡീസ് മത്സരമാണ് ആവേശം സൃഷ്ടിച്ച മറ്റൊരു മത്സരം. ആദ്യം ബാറ്റ് ചെയ്ത കിവിസിനെ നായകൻ കെയ്ൻ വില്യംസൺ മുന്നിൽ നിന്ന് നയിച്ചു. റോസ് ടെയ്ലർ പിന്തുണച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയത് 159 റൺസ്. ന്യൂസിലാൻ ആകെ നേടിയത് 8 വിക്കറ്റിന് 291. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടമാകുമ്പോൾ നേടിയത് 245 റൺസ്. അതുവരെ 45 ഓവർ വിൻഡീസ് ബാറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കാർലോസ് ബ്രാത്വെയ്റ്റിന്റെ പടയോട്ടം. 48-ാം ഓവർ എറിയാനെത്തിയത് മാറ്റ് ഹെൻറി. 2014ലെ ട്വന്റി20 ലോകകപ്പ് ഫൈനൽ ഓർപ്പിച്ച ബാറ്റിങ്. ആദ്യ പന്തിൽ ഡബിൾ, പിന്നാലെ തുടർച്ചയായ മൂന്ന് സിക്സറുകൾ. അഞ്ചാം പന്തിൽ നാല് റൺസ്. അവസാന പന്തിൽ സിംഗിൾ കൂടി വന്നതോടെ ഓവറിലാകെ 25 റൺസ് വിൻഡീസ് സ്കോർബോർഡിൽ ചേർക്കപ്പെട്ടു. 48 ഓവറിൽ വെസ്റ്റ് ഇൻഡീസ് 9ന് 284. രണ്ട് ഓവറിൽ ജയിക്കാൻ എട്ട് റൺസ് മാത്രം മതി. 49-ാം ഓവറിൽ ആദ്യ മൂന്ന് ബോളിലും ജിമ്മി നീഷിം റൺസ് വിട്ടു നൽകിയില്ല. നാലാം പന്തിൽ രണ്ട് റൺസോടെ ബ്രാത്വെയ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. അഞ്ചാം പന്തിലും റൺസില്ല. അവസാന പന്ത് സിക്സർ അടിച്ച് ജയിക്കാനുള്ള ബ്രാത്വെയ്റ്റിന്റെ ശ്രമം ലോങ് ഓണിൽ ട്രെന്റ് ബോൾട്ടിന്റെ കൈകളിൽ അവസാനിച്ചു. അഞ്ച് റൺസിന്റെ ജയം കിവിസിന് സ്വന്തം.

ന്യൂസിലാൻഡ് - ഇന്ത്യ, ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടീമുകൾ സെമിയിലേക്ക് എത്തി. ആദ്യ സെമിയിൽ വിജയപരാജയങ്ങൾ മാറി മറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8ന് 239 റൺസെടുത്തു. ഇന്ത്യ 6ന് 92 എന്ന് തകർന്നു. പക്ഷേ ധോണിയും ജഡേജയും പ്രതീക്ഷ നൽകി. 77 റൺസെടുത്ത ജഡേജ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 208ൽ എത്തിയിരുന്നു. 216ൽ നിൽക്കെ എട്ടാമനായി ധോണി റൺഔട്ടായതോടെ ഇന്ത്യ ലോകകപ്പിന് പുറത്തേയ്ക്ക് നീങ്ങി.

ഇംഗ്ലണ്ട് - ഓസ്ട്രേലിയ സെമി ഏകപക്ഷീയമായിരുന്നു. ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. കലാശപ്പോരാണ് ലോകകപ്പിനെ അവിസ്മരണീയമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8 വിക്കറ്റിന് 241 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോർ നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 4ന് 86 എന്ന നിലയിൽ തകർന്നു. ബെൻ സ്റ്റോക്സും ജോസ് ബട്ലറും ഒന്നിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർത്തത് 110 റൺസ്. 59 റൺസെടുത്ത് ബട്ലർ പുറത്തായപ്പോഴും സ്റ്റോക്സ് പോരാട്ടം തുടർന്നു. 49 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റിന് 227 റൺസെടുത്തിരുന്നു.

അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ്. ലോകോത്തര ബൗളർ ട്രെന്റ് ബോൾട്ട് അവസാന ഓവർ എറിയാനെത്തി. ആദ്യ രണ്ട് പന്തിൽ റൺസില്ല. മൂന്നാം പന്ത് ബെൻ സ്റ്റോക്സ് സിക്സടിച്ചു. നാലാം പന്ത് കിവിസ് ദൗർഭാഗ്യം വിധിക്കപ്പെട്ടു. രണ്ട് റൺസ് ഓടി തിരികെ ക്രീസിലെത്തിയ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക്. ഇതോടെ ജയിക്കാൻ മൂന്ന് റൺസ്. ഓവർ ത്രോയിലൂടെ ആറ് റൺസ്. പക്ഷേ അവിടെ തീർന്നില്ല. അഞ്ചാം പന്തിലും ആറാം പന്തിലും ഒരോ റൺസും ഓരോ റൺഔട്ടും. ഇതോടെ മത്സരം സമനില ആയി.

കലാശപ്പോരാട്ടം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ഇംഗ്ലണ്ട് 15 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടിയും 15 റൺസായിരുന്നു. ഇതോടെ കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകജേതാക്കളായി. എന്നാൽ വിജയം ബൗണ്ടറികളുടെ അടിസ്ഥാനത്തിലാക്കിയത് വിമർശിക്കപ്പെട്ടു. ഇതോടെ തീരുമാനം മാറ്റി. നിർണായക മത്സരങ്ങള് സമനില ആയാൽ വിധി ഉണ്ടാകും വരെ സൂപ്പർ ഓവർ നടത്തപ്പെടും. ഇനി 2023ലെ ലോകകപ്പിന്റെ ആവേശമാണ്. അത് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം.

dot image
To advertise here,contact us
dot image