
അയര്ലന്ഡ്, ഇംഗ്ലണ്ടിന് ശേഷം യൂറോപ്പില് നിന്ന് മറ്റൊരു ക്രിക്കറ്റ് കരുത്തര്. വലിയ പ്രതീക്ഷകളാണ് അയര്ലന്ഡ് ക്രിക്കറ്റ് ലോകത്തിന് നല്കിയത്. ഒബ്രിയാന് സഹോദരന്മാരായ കെവിന് ഒബ്രിയാനും നീല് ഒബ്രിയാനും പോള് സ്ട്രീലിങ്ങും ഒക്കെ ആരാധക മനസില് ഇടം പിടിച്ചു. ക്രിക്കറ്റിന് ഏറെ ആഴമുള്ള ഇംഗ്ലണ്ട് ആണ് അയര്ലന്ഡിന്റെ അയല്രാജ്യം. പക്ഷേ അതേ മണ്ണില് വേരുപിടിക്കാന് കഴിയാതെ അയര്ലന്ഡ് ക്രിക്കറ്റ് വിഷമിക്കുകയാണ്. തുടര്ച്ചയായ രണ്ടാം തവണയും അയര്ലന്ഡ് ലോകകപ്പിന് ഇടം നേടാതെ ലീഗ് റൗണ്ടില് പുറത്തായി.
1792കളോടെ ആണ് അയര്ലന്ഡില് ക്രിക്കറ്റ് മത്സരങ്ങള്ക്ക് വേര് മുളച്ചത്. അയര്ലന്ഡ് മിലിട്ടറിയും ജെന്റില്മാന് ഓഫ് അയര്ലന്ഡും തമ്മില് ക്രിക്കറ്റ് മത്സരങ്ങള് നടന്നു. 1850കളുടെ മധ്യത്തോടെ അയര്ലന്ഡില് ക്രിക്കറ്റ് ഒരു പ്രധാന വിനോദമായി ഉയര്ന്നു. 1855കളോടെ ഇംഗ്ലണ്ടിനെ തോല്പ്പിക്കാന് പോന്ന ടീമെന്ന പേര് അയര്ലന്ഡ് സ്വന്തമാക്കി. എന്നാല് 19-ാം നൂറ്റാണ്ടിന്റെ അവസാനം അയര്ലന്ഡ് ക്രിക്കറ്റിന് തിരിച്ചടികളുടെ കാലമായിരുന്നു.
സവര്ണ വിഭാഗത്തിനെതിരായ തൊഴിലാളി വര്ഗത്തിന്റെ ഒത്തുചേരലായി ക്രിക്കറ്റ് മാറി. ഇംഗ്ലീഷ് വിനോദമെന്ന പേരും അയര്ലന്ഡില് ക്രിക്കറ്റിന് തിരിച്ചടിയായി. ഇതോടെ അയര്ലന്ഡില് പലമേഖലകളിലും ക്രിക്കറ്റ് നിരോധിക്കപ്പെട്ടു. 70 വര്ഷക്കാലം ആ വിലക്ക് നീണ്ടുപോയി. എങ്കിലും ഇക്കാലയളവില് ഡബ്ലിന്റെ പലഭാഗങ്ങളിലും ക്രിക്കറ്റ് കളിച്ചിരുന്നു. 1922ല് ബ്രിട്ടനില് നിന്നും സ്വതന്ത്രമായത് അയര്ലന്ഡ് ക്രിക്കറ്റിന് തിരിച്ചടിയാണ് ഉണ്ടാക്കിയത്. ബ്രിട്ടീഷ് ബന്ധം തുടര്ന്ന അയര്ലന്ഡിന്റെ വടക്കന് മേഖലകളിലേക്ക് ക്രിക്കറ്റ് ഒതുങ്ങി.
1980കളോടെയാണ് അയര്ലന്ഡില് വീണ്ടും ഒരു പ്രധാന വിനോദമായി ക്രിക്കറ്റ് മാറി. 2000ത്തില് അയര്ലന്ഡ് ക്രിക്കറ്റ് കൂടുതല് ശക്തിപ്രാപിച്ചു. 2007ല് ഐറിഷ് പട ലോകകപ്പിന് ആദ്യമായി യോഗ്യത നേടി. അവിടെ നിന്നാണ് അയര്ലന്ഡ് ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി. ലോകകപ്പില് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില് പാകിസ്താനെ മലര്ത്തിയടിച്ചു. സിംബാവെയുമായുള്ള മത്സരം ടൈയിലായി. സൂപ്പര് എട്ടില് ബംഗ്ലാദേശിനെയും തോല്പ്പിച്ചു. ഇതോടെ അയര്ലന്ഡ് ഐസിസി ഏകദിന റാങ്കിങില് കയറിപ്പറ്റി. അസോസിയേറ്റ് രാജ്യങ്ങള്ക്കിടയിലെ തുടര്ച്ചയായുള്ള മികച്ച പ്രകടനം അയര്ലന്ഡിന് 2011 ലോകകപ്പിലേക്കും വഴി തുറന്നു. അന്ന് മലര്ത്തിയടിച്ചത് അയല്ക്കാരായ ഇംഗ്ലണ്ടിനെയാണ്. 329 എന്ന ലക്ഷ്യം 49.1 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് ഐറിഷ് പട മറികടന്നു.
യോഗ്യതാ മത്സരം കളിക്കാതെ തന്നെ അയര്ലന്ഡ് 2015 ലോകകപ്പിന് എത്തി. ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങള്ക്കായി ഐസിസി സംഘടിപ്പിച്ച ലോകക്രിക്കറ്റ് ലീഗില് ജേതാക്കളായതോടെയാണ് യോഗ്യതാ മത്സരം കളിക്കാതെ അയര്ലാന്ഡിന് ലോകകപ്പ് യോഗ്യത സാധ്യമായത്. 2015ലെ ലോകകപ്പില് വെസ്റ്റ് ഇന്ഡീസിനെ ഗ്രൂപ്പ് ഘട്ടത്തില് തോല്പ്പിച്ചു. പക്ഷേ നെറ്റ് റണ്റേറ്റില് പിന്നിലായത് തിരിച്ചടിയായി. ഇതോടെ സൂപ്പര് എട്ട് കാണാതെ പുറത്തേയ്ക്ക്.
2019 മുതല് ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 10 ആയി കുറച്ചു. പങ്കെടുക്കുന്ന അസോസിയേറ്റ് രാജ്യങ്ങളുടെ എണ്ണം രണ്ട് ആയി കുറഞ്ഞു. അഫ്ഗാന് ക്രിക്കറ്റിന്റെ ഉയര്ച്ചയുണ്ടായ കാലഘട്ടവുമാണിത്. അസോസിയേറ്റ് രാജ്യങ്ങള്ക്കിടയില് നിന്ന് ശക്തമായ വെല്ലുവിളി ഉയര്ന്നതോടെ ഏകദിന രാജ്യാന്തര പദവി ഉണ്ടെങ്കിലും മികവിലേക്കെത്താന് അയര്ലന്ഡിന് സാധിച്ചില്ല. ഇതോടെ ലോകകപ്പിലേക്കുള്ള ഐറീഷ് ടീമിന്റെ വഴി അടയുകയും ചെയ്തു.