/sports-new/football/2024/02/26/van-dijks-header-helps-liverpool-beat-chelsea-lift-carabao-cup-2023-24

വാന്ഡൈക്കിന്റെ ഒറ്റ ഗോളില് ചെല്സി വീണു; കരബാവോ കപ്പില് മുത്തമിട്ട് ലിവര്പൂള്

ലിവര്പൂളിന്റെ പത്താം ലീഗ് കപ്പാണിത്

dot image

ലണ്ടന്: കരബാവോ കപ്പില് മുത്തമിട്ട് ലിവര്പൂള്. വെംബ്ലിയില് നടന്ന ഫൈനല് മത്സരത്തില് ചെല്സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്ത്താണ് ലിവര്പൂള് ചാമ്പ്യന്മാരായത്. നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില് വിര്ജില് വാന് ഡൈക്കാണ് റെഡ്സിന്റെ വിജയഗോള് നേടിയത്. പല പ്രധാന താരങ്ങളുടെയും അഭാവത്തില് യുവനിരയുമായി പൊരുതിയാണ് ക്ലോപ്പിന്റെയും സംഘത്തിന്റെയും വിജയം. ലിവര്പൂളിന്റെ പത്താം ലീഗ് കപ്പാണിത്.

കഴിഞ്ഞ മത്സരത്തില് മാഞ്ചസ്റ്റര് സിറ്റിയെ തകര്ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്സി കളത്തിലിറങ്ങിയത്. എന്നാല് മറുവശത്ത് മുഹമ്മദ് സലാ, ഡിയോഗോ ജോട്ട, അലിസണ് ബെക്കര്, ട്രെന്റ് അലക്സാണ്ടര് അര്ണോള്ഡ് എന്നീ പ്രധാന താരങ്ങള് ഇല്ലാത്തതിനാല് ക്ലോപ്പിന് യുവതാരങ്ങളെ ആശ്രയിക്കേണ്ടി വന്നു. യുവതാരങ്ങള് മിന്നുംഫോമിലേക്ക് ഉയര്ന്നതുകൊണ്ട് ചെല്സിക്കെതിരെ ചെമ്പട ഒട്ടും തന്നെ പിന്നിലായിരുന്നില്ല.

നിശ്ചിത സമയത്തില് ഗോളുകളൊന്നും തന്നെ പിറന്നില്ലെങ്കിലും വെംബ്ലിയില് ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം എന്ഡ് ടു എന്ഡ് ഫുട്ബോളാണ് ഇരുഭാഗത്തുനിന്നും കാണാനായത്. ഇരുടീമുകളും പലപ്പോഴും ഗോളിനടുത്ത് എത്തിയെങ്കിലും ഗോള്കീപ്പര്മാരുടെ മികച്ച ഫോമില് സ്കോര് ബോര്ഡ് അനങ്ങിയില്ല.

ആദ്യ പകുതിയില് സ്റ്റെര്ലിങ്ങിന്റെ ഒരു ഗോളും രണ്ടാം പകുതിയില് വാന് ഡൈക് നേടിയ ഒരു ഗോളും നിഷേധിക്കപ്പെട്ടു. ഇതില് വാന് ഡൈക് നേടിയ ഗോള് ഓഫ്സൈഡ് വിധിക്കപ്പെട്ടത് ടീമിനെയും ആരാധകരെയും ഞെട്ടിച്ചു. രണ്ടാം പകുതിയില് ചെല്സി താരം കോണര് ഗാലഗറിന്റെ ഒരു ഷോട്ട് പോസ്റ്റില് തട്ടി മടങ്ങുകയും ചെയ്തു.

നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമില് എത്തിയിട്ടും ഗോള് പിറന്നില്ല. ഒടുവില് ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച സമയത്ത് 118-ാം മിനിറ്റില് ചെല്സിയുടെ വല കുലുങ്ങി. കോര്ണര് കിക്കില് നിന്ന് കിടിലന് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് വാന് ഡൈക്കാണ് റെഡ്സിന് വിജയവും കിരീടവും സമ്മാനിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us