
/sports-new/football/2023/10/31/australia-abandons-2034-fifa-world-cup-bid-saudi-arabia-likely-to-host
മെൽബൺ: 2034 ഫുട്ബോൾ ലോകകപ്പ് വേദിയാകാനുള്ള നീക്കം ഉപേക്ഷിച്ച് ഓസ്ട്രേലിയ. ഇതോടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സാധ്യതകൾ വർധിച്ചു. ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ താൽപ്പര്യം അറിയിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്ന്. എന്നാൽ അവസാന നിമിഷം ഓസ്ട്രേലിയ പിന്മാറി.
ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചു. എന്നാൽ നീക്കം ഉപേക്ഷിക്കാനാണ് ഓസ്ട്രേലിയൻ ഫുട്ബോളിന്റെ തീരുമാനം. 2023 വനിതാ ലോകകപ്പിന് ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ചിരുന്നു. 2032ലെ ഒളിംപിക്സ് ഗെയിംസിനും ബ്രിസ്ബെയിനാണ് വേദിയാകുന്നത്. ഇത് ഓസ്ട്രേലിയൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടമെന്നും അധികൃതർ പ്രസ്താവനയിൽ പ്രതികരിച്ചു. ലോകകപ്പിന് വേദിയാകില്ലെങ്കിലും 2026ലെ വനിതാ ഏഷ്യൻ ഗെയിംസിനും 2029ലെ ഫിഫ ക്ലബ് ലോകകപ്പിനും ഓസ്ട്രേലിയ വേദിയാകും.
കഴിഞ്ഞ വർഷം ഖത്തർ വേദിയായ ലോകകപ്പ് വൻവിജയമായിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയും ഫുട്ബോൾ ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകൾ തേടിയത്. ഖത്തറിൽ അർജന്റീനയെ അട്ടിമറിച്ച സൗദിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകോത്തര താരങ്ങളെ പ്രോ-ലീഗിലെത്തിച്ച് ക്ലബ് ഫുട്ബോളില് ശ്രദ്ധ നേടാനുള്ള ശ്രമവും സൗദി നടത്തുന്നുണ്ട്.