/sports-new/football/2023/10/13/india-suffers-shock-2-4-defeat-to-malaysia

ലൈൻ കടന്നിട്ടും ഗോളില്ല, കിക്കെടുക്കുമ്പോൾ കുഴിയുന്ന സ്റ്റേഡിയം; മെര്ദേക കപ്പിൽ ഇന്ത്യയ്ക്ക് തോൽവി

മത്സരത്തിൽ സുനിൽ ഛേത്രി 93-ാം അന്താരാഷ്ട്ര ഗോൾ നേടി

dot image

ക്വലാലംപുര്: മെര്ദേക കപ്പ് ഫുട്ബോളില് ഇന്ത്യയ്ക്ക് തോൽവി. മലേഷ്യയ്ക്കെതിരെ ശക്തമായ പോരാട്ടത്തിനൊടുവിൽ 4-2നാണ് ഇന്ത്യൻ സംഘം കീഴടങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില് ഇന്ത്യൻ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. പക്ഷേ ഏഴാം മിനിറ്റിൽ മലേഷ്യ ഇന്ത്യയെ ഞെട്ടിച്ചു. ഡിയോൺ ജോഹാൻ കൂൾസാണ് മലേഷ്യയ്ക്കായി സ്കോർ ചെയ്തത്. അധികം വൈകാതെ ഇന്ത്യയുടെ മറുപടിയെത്തി. നിഖിൽ പൂജാരി നൽകിയ പാസ് സ്വീകരിച്ച ലാലിയന്സുവാല ചങ്തെ കിടിലൻ വോളിയിലൂടെ പന്ത് മഹേഷ് സിംഗ് വലയിലെത്തിച്ചു. പക്ഷേ ആഘോഷത്തിന് രണ്ട് മിനിറ്റിന്റെ ദൈർഘ്യമേ ഉണ്ടായിരുന്നൊള്ളു.

19-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മലേഷ്യ വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയിൽ പിന്നീടുള്ള സമയം മലേഷ്യ ഇന്ത്യൻ പോസ്റ്റിലേക്ക് തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. 42-ാം മിനിറ്റിൽ ഫൈസൽ ഹലീം വീണ്ടും മലേഷ്യയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ തന്നെ 3-1ന്റെ വ്യക്തമായ ലീഡ് നേടാൻ മലേഷ്യയ്ക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 51-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഇന്ത്യൻ നായകന്റെ 93-ാം അന്താരാഷ്ട്ര ഗോളാണിത്. 57-ാം മിനിറ്റിൽ ലാലിയന്സുവാല ചങ്തെ സമനില ഗോൾ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. പന്ത് ഗോൾവരയിൽ വെച്ച് മലേഷ്യൻ താരം തടഞ്ഞതായാണ് വിധിക്കപ്പെട്ടത്. എന്നാൽ ടെലിവിഷൻ റിപ്ലേകളിൽ പന്ത് ഗോൾലൈൻ കടന്നെന്ന് വ്യക്തമായിരുന്നു.

61-ാം മിനിറ്റിൽ ലാവെരെ കോർബിൻ-ഓങ് മലേഷ്യയെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് തിരിച്ചടികൾക്ക് ഇന്ത്യൻ സംഘം നിരവധി ശ്രമങ്ങൾ നടത്തി. പക്ഷേ ഒരിക്കൽപോലും പന്ത് ലക്ഷ്യത്തിലെത്തിയില്ല. മത്സരവേദിയുടെ നിലവാരമില്ലായ്മയും ഇന്ത്യയ്ക്ക് തിരിച്ചടിയായി. താരങ്ങൾ കിക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി കുഴികൾ സ്റ്റേഡിയത്തിൽ രൂപപ്പെട്ടു.

മെര്ദേക കപ്പിന്റെ ഫൈനലിൽ മലേഷ്യ - താജിക്കിസ്താനെ നേരിടും. ഇസ്രയേലുമായി സംഘര്ഷം നടക്കുന്നതിനാല് പലസ്തീന് മെര്ദേക കപ്പിൽ പങ്കെടുത്തില്ല. ഇതോടെ പലസ്തിന്റെ എതിരാളി ആയിരുന്ന താജിക്കിസ്താൻ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us