/sports-new/football/2023/10/03/brazilian-footballer-ronaldinho-to-visit-kolkata

'ദാദയില് നിന്ന് ക്രിക്കറ്റ് പഠിക്കണം'; കൊല്ക്കത്ത സന്ദര്ശിക്കാനൊരുങ്ങി റൊണാള്ഡീന്യോ

സന്ദര്ശനത്തില് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ജഴ്സി സമ്മാനിക്കുകയും ചെയ്യും

dot image

കൊല്ക്കത്ത: കൊല്ക്കത്തയിലേക്കുള്ള തന്റെ ആദ്യ സന്ദര്ശന വാര്ത്തകള് സ്ഥിരീകരിച്ച് ബ്രസീലിയന് സൂപ്പര് താരം റൊണാള്ഡീന്യോ. ഈ മാസം ദുര്ഗാപൂജ ഉത്സവത്തിന് മുന്നോടിയായി ഒക്ടോബറിലാണ് താരം എത്തുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സ്ഥിരീകരണം. പെലെ, ഡീഗോ മറഡോണ, ലയണല് മെസ്സി എന്നിവരുള്പ്പെടെ നിരവധി ഫുട്ബോള് ഇതിഹാസങ്ങള്ക്ക് ആതിഥേയത്വം വഹിച്ച നഗരത്തിലേക്ക് മൂന്ന് തവണ ബാലണ് ഡി ഓര് ജേതാവായ താരത്തിന്റെ ആദ്യ സന്ദര്ശനമാണിത്.

ബ്രസീല് ആരാധകരെ കണ്ടുമുട്ടാനുള്ള ആവേശത്തിലാണ് താനെന്നും സൗരവ് ഗാംഗുലിയില് നിന്ന് ക്രിക്കറ്റ് പഠിക്കാന് ആഗ്രഹമുണ്ടെന്നും റൊണാള്ഡീന്യോ ഫേസ്ബുക്കില് കുറിച്ചു. 'എല്ലാവര്ക്കും ഹെലോ, ഈ ഒക്ടോബര് പകുതിയോടെ ഞാന് കൊല്ക്കത്തയിലേക്ക് എന്റെ കന്നിയാത്ര നടത്തും. കൊല്ക്കത്തയില് ഒരുപാട് ബ്രസീല് ആരാധകരുണ്ടെന്ന് എനിക്കറിയാം. അവരെ കാണുന്നതിലുള്ള ആവേശത്തിലാണ് താന്. ക്രിക്കറ്റ് വളരെ ജനപ്രിയമാണെന്ന് എനിക്കറിയാം. ഇത്തവണ നിങ്ങളുടെ 'ദാദ'യില് നിന്ന് ക്രിക്കറ്റ് പഠിക്കണം', റൊണാള്ഡീന്യോ ഫേസ്ബുക്കില് കുറിച്ചു.

ഒരു ചാരിറ്റി ഫുട്ബോള് മത്സരം കളിക്കുന്നതിന് പുറമേ ഒരു ഫുട്ബോള് അക്കാദമിയിലെ ട്രെയിനികളുമായി സംവദിക്കുകയും ചെയ്യും. സന്ദര്ശനത്തില് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ജഴ്സി സമ്മാനിക്കുകയും ചെയ്യും. 'എന്റെ ആര്10 ഫുട്ബോള് അക്കാദമി സന്ദര്ശിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്യും. ശ്രീ ഭൂമി സ്പോര്ട്ടിംഗ്, അഹിര്ത്തോള യുവക് ബ്രിന്ദോ, ബരുയിപൂര്, ഗ്രീന് പാര്ക്ക്, റിശ്ര എന്നീ സ്ഥലങ്ങള് സന്ദര്ശിച്ച് ദുര്ഗ്ഗാ പൂജാ ആഘോഷങ്ങളുടെ ഭാഗമാകുകയും ചെയ്യും. പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയെ സന്ദര്ശിക്കാന് സാധിക്കുന്നത് വലിയ ബഹുമതിയായാണ് കാണുന്നത്', റൊണാള്ഡീന്യോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us