
ഫ്ളോറിഡ: ഇന്റര് മയാമിയിലെത്തിയതിന് ശേഷമാണ് തനിക്ക് സന്തോഷം തിരിച്ച് ലഭിച്ചതെന്ന് സൂപ്പര് താരം ലയണല് മെസ്സി. പിഎസ്ജിയില് ചേര്ന്നത് താനൊരിക്കലും ആഗ്രഹിച്ച ഒന്നല്ലായിരുന്നുവെന്നും ബാഴ്സയില് തുടരാനായിരുന്നു ആഗ്രഹമെന്നും മെസ്സി തുറന്നുപറഞ്ഞു. മയാമിയില് എത്തിയതിന് ശേഷം ആദ്യമായി പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാരിസിലേക്കുള്ള വരവ് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ലായിരുന്നു. ബാഴ്സലോണ വിടാനും ഞാന് ആഗ്രഹിച്ചിരുന്നില്ല. എല്ലാം ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതാണ്', മെസ്സി തുറന്നുപറഞ്ഞു. 'സ്ഥലത്തിന്റെ കാര്യത്തിലായാലും സ്പോര്ട്സിന്റെ കാര്യത്തിലായാലും അതുവരെയുള്ള എന്റെ ജീവിതകാലം മുഴുവനും ചെലവഴിച്ച ഒരു സ്ഥലത്ത് നിന്ന് തികച്ചും വ്യത്യസ്തമായ ഒരിടത്തേക്ക് പോകേണ്ടി വന്നു. തീര്ച്ചയായും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാല് ഇപ്പോള് ഇവിടെ അമേരിക്കയില് കാര്യങ്ങള് തികച്ചും വിപരീതമാണ്', മെസ്സി വ്യക്തമാക്കി.
"Hoy te puedo decir que estoy muy feliz por la decisión que tomamos.”
— Inter Miami CF (@InterMiamiCF) August 17, 2023
Leo Messi on his decision to join the club and on how he is enjoying the city and this new experience. pic.twitter.com/n2lvKpLNSj
'ഇന്റര് മയാമിയില് ചേരുന്ന തീരുമാനത്തിനായി ഞാന് പല കാര്യങ്ങളും പരിഗണിച്ചിരുന്നു. കുടുംബത്തോട് കൂടി ആലോചിച്ചാണ് അമേരിക്കയിലെത്തിയത്. ഞങ്ങള് എടുത്ത തീരുമാനത്തില് ഞാന് വളരെ സന്തുഷ്ടനാണ്. ഗെയിം മാത്രമല്ല ജീവിതവും ആസ്വദിക്കാന് തുടങ്ങിയിരിക്കുന്നു. ഇവിടെ ലഭിച്ച വരവേല്പ്പും സ്വീകരണവും അസാധാരണമായിരുന്നു', മെസ്സി കൂട്ടിച്ചേര്ത്തു.