
/sports-new/football/2023/08/07/fifa-womens-world-cup-england-beat-nigeria-on-penalties-to-reach-quarter-finals
ക്വീന്സ്ലാന്ഡ്: വനിതാ ലോകകപ്പില് നൈജീരിയയെ തോല്പ്പിച്ച് ഇംഗ്ലണ്ട് ക്വാര്ട്ടര് ഫൈനലിലേക്ക്. ഓസ്ട്രേലിയയിലെ സണ്കോര്പ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് 4-2നായിരുന്നു ഇംഗ്ലീഷ് പെണ്പടയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളുകളൊന്നും അടിക്കാതിരുന്നതോടെയാണ് മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മുന്നേറ്റ നിരയില് നാല് താരങ്ങളുമായി ഇറങ്ങിയ നൈജീരിയ തുടക്കം മുതല് ആക്രമണം അഴിച്ചുവിട്ടു. മികച്ചൊരു ഷോട്ട് എടുക്കാന് ഇംഗ്ലണ്ടിന് 23 മിനിറ്റ് വേണ്ടി വന്നു. 31-ാം മിനിറ്റില് ഇംഗ്ലണ്ടിന് ഒരു പെനാല്റ്റി അവസരം. മത്സരത്തില് ലീഡ് നേടാന് ലഭിച്ച മികച്ച അവസരം പക്ഷേ ഇംഗ്ലണ്ട് പാഴാക്കി. ആദ്യ പകുതി ഗോള് രഹിതമായി അവസാനിച്ചു. പന്തടക്കത്തില് ഇംഗ്ലണ്ടായിരുന്നു മുന്നില്. എന്നാല് തൊടുത്ത ഷോട്ടുകളില് മുന്നിലെത്തിയ നൈജീരിയ ഫുട്ബോള് ലോകത്തെ വിസ്മയിപ്പിച്ചു.
രണ്ടാം പകുതിയിലും കൃത്യതയും വേഗതയുമാര്ന്ന നൈജീരിയന് ആക്രമണം തുടര്ന്നു. പന്തുമായി മുന്നേറിയ ആഫ്രിക്കന് കരുത്തര് പലതവണ ഇംഗ്ലണ്ടിനെ സമ്മര്ദ്ദത്തിലാഴ്ത്തി. മത്സരം 70 മിനിറ്റ് പിന്നിട്ടപ്പോഴാണ് ഇംഗ്ലണ്ട് ആക്രമണം മെച്ചപ്പെട്ടു തുടങ്ങിയത്. പിന്നാലെ നൈജീരിയന് പോരാട്ടത്തിന്റെ മൂര്ച്ച കുറഞ്ഞു. ഇരു ടീമുകളുടെയും ഗോള് നേടാനുള്ള തിരക്കിട്ട ശ്രമങ്ങള് ഗുണം ചെയ്തില്ല. ഇതോടെ നിശ്ചിത സമയത്ത് മത്സരം ഗോള്രഹിത സമനിലയില് അവസാനിച്ചു. 87-ാം മിനിറ്റില് ലോറന് ജെയിംസ് ചുവപ്പ് കാര്ഡ് കണ്ടതോടെ 10 താരങ്ങളായി ചുരുങ്ങിയാണ് ഇംഗ്ലണ്ട് കളിച്ചത്.
അധിക സമയത്ത് നൈജീരിയ വീണ്ടും കടുപ്പിച്ചു. പന്ത് നിയന്ത്രിക്കുന്നതിലും ഷോട്ടുകള് നേടുന്നതിലും നൈജീരിയന് ആധിപത്യം. പ്രതിരോധിക്കുക മാത്രമായിരുന്നു ഇംഗ്ലണ്ടിന് ചെയ്യാനുണ്ടായിരുന്നത്. മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാന് ഇംഗ്ലണ്ടിന് കഴിഞ്ഞു. ഷൂട്ടൗട്ടില് 4-2ന് നൈജീരിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്ട്ടര് പ്രവേശനം ഉറപ്പിച്ചു. നൈജീരിയയ്ക്ക് വേണ്ടി ക്രിസ്റ്റി യൂക്കൈബ്, റഷീദത്ത് അജിബാദെ എന്നിവര് ലക്ഷ്യം കണ്ടപ്പോള് മൈക്കേല് അലോസി, ഡിസൈര് ഒപ്പാരനോസി എന്നിവര് പെനാല്റ്റി മിസ്സാക്കി.
STOR HIGHLIGHTS: FIFA Women's world cup, England beat Nigeria on penalties to reach quarter-finals