
ഇസ്ലാമാബാദ്: പാകിസ്താന് നായകന് ബാബര് അസമിന് ലഭിച്ച അത്രയും അവസരങ്ങള് മറ്റൊരു ക്യാപ്റ്റനും ലഭിച്ചിട്ടില്ലെന്ന് മുന് താരം ഷാഹിദ് അഫ്രീദി. ട്വന്റി 20 ലോകകപ്പില് ബാബര് അസം നയിച്ച പാക് ടീം പുറത്തായത് വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു. ബാബറിന്റെ ക്യാപ്റ്റന്സിയില് തുടര്ച്ചയായ രണ്ടാം ഐസിസി ടൂര്ണമെന്റിനിറങ്ങിയ മെന് ഇന് ഗ്രീന് ഗ്രൂപ്പ് ഘട്ടം പോലും കടക്കുന്നതില് പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് ക്യാപ്റ്റനെന്ന നിലയില് ബാബറിന് നിരവധി അവസരങ്ങള് നല്കിയതിന് പാകിസ്താന് ക്രിക്കറ്റ് ബോര്ഡിനെ (പിസിബി) വിമര്ശിച്ച് മുന് നായകന് അഫ്രീദി വിമര്ശിച്ചത്.
'ക്രിക്കറ്റ് ബോര്ഡ് ക്യാപ്റ്റനെയും കോച്ചിനെയും കുറിച്ച് ഒരു ഉറച്ച തീരുമാനം എടുക്കണം. എന്നിട്ട് അവര്ക്ക് ആവശ്യമായ സമയം നല്കണം. ബാബറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച അത്രയും അവസരങ്ങള് മറ്റാര്ക്കും ലഭിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞാലുടന് തന്നെ ക്യാപ്റ്റനെയാണ് ആദ്യം കുറ്റപ്പെടുത്തുക. എന്നാല് ബാബറിന്റെ കാര്യത്തില് അങ്ങനെയല്ല. രണ്ടും മൂന്നും ലോകകപ്പുകളും ഏഷ്യാകപ്പുകളും കഴിഞ്ഞാലും അദ്ദേഹത്തിന് അവസരങ്ങള് ലഭിച്ചുകൊണ്ടേയിരിക്കുന്നു', അഫ്രീദി പറഞ്ഞു. താരം വിമര്ശിക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.
“Babar has been given enough chances aa captain.” - Shahid Afridi pic.twitter.com/FGGZglLrNp
— Usama Zafar (@Usama7) July 10, 2024
സെലക്ടര്മാരായ വഹാബ് റിയാസിനെയും അബ്ദുള് റസാഖിനെയും പിസിബി പുറത്താക്കിയതിനെയും അഫ്രീദി വിമര്ശിച്ചു. 'സെലക്ഷന് കമ്മിറ്റിയില് നിന്ന് അബ്ദുള് റസാഖിനെയും വഹിബ് റിയാസിനെയും മാത്രമാണ് പുറത്താക്കിയതെന്ന് എനിക്ക് മനസ്സിലായി. പിസിബിയുടെ ഈ നീക്കം എനിക്ക് മനസ്സിലാവുന്നില്ല. സെലക്ഷന് കമ്മിറ്റിയില് 6-7 പേരുണ്ടെങ്കില് പിന്നെ എന്തിനാണ് ഇവരെ മാത്രം ഒഴിവാക്കിയത്?', അഫ്രീദി ചോദിച്ചു.