
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതയേറ്റ ശേഷം താരങ്ങൾക്കുള്ള ആദ്യ ഉപദേശവുമായി ഗൗതം ഗംഭീർ. 'എല്ലാ കളിക്കാരും മൂന്ന് ഫോർമാറ്റിലുള്ള ക്രിക്കറ്റും കളിക്കണമെന്നും ഓരോ ഫോർമാറ്റിനും പ്രത്യേകം താരങ്ങൾ എന്ന ഫോർമുലയിൽ താൻ വിശ്വസിക്കുന്നില്ല' എന്നും ഗംഭീർ പറഞ്ഞു. എല്ലാ ഫോർമാറ്റിലും ഒരുമിച്ച് കളിച്ചാൽ പരിക്ക് പറ്റും എന്നതിൽ കാര്യമില്ലെന്നും പരിക്ക് പ്രഫഷണൽ കായിക രംഗത്ത് വളരെ സാധാരണ സംഭവമാണെന്നും മുൻ ഇന്ത്യൻ താരം കൂടിയായ ഗംഭീർ പറഞ്ഞു.
'പരിക്കുകൾ കായിക താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്, ഓരോ മത്സരങ്ങൾക്ക് വേണ്ടി ഓരോ കാറ്റഗറിയിലുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അർത്ഥമില്ല. ഏകദിനമാണെങ്കിലും ടി 20 ആണെങ്കിലും ടെസ്റ്റാണെങ്കിലും കളിക്കുന്നത് ക്രിക്കറ്റാണ്'. ഗംഭീർ കൂട്ടിച്ചേർത്തു. ഒരു പ്രഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും മികച്ച സമയത്ത് രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകൾ നൽകാൻ ശ്രമിക്കണം, ആ സമയത്ത് പരിക്കേൽക്കുമെന്ന് കരുതി മാറി നിൽക്കരുത് ,എല്ലാ ഫോർമാറ്റിലും മികച്ച സംഭാവകൾ നൽകാനാണ് ശ്രമിക്കേണ്ടത് എന്നും ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ടീമില് തുടര്ച്ചയായ മത്സരക്രമവും കളിക്കാരുടെ ജോലിഭാരവും കണക്കിലെടുത്ത് പല പരമ്പരകളിലും താരങ്ങള്ക്ക് വിശ്രമം അനുവദിക്കാറുണ്ട്. മൂന്ന് ഫോര്മാറ്റിലും കളിച്ചിരുന്ന ഓള് റൗണ്ടര് ഹാര്ദ്ദിക് പാണ്ഡ്യ പരിക്കിനെത്തുടര്ന്ന് നിലവില് വൈറ്റ് ബോള് ക്രിക്കറ്റില് മാത്രമാണ് കളിക്കുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 മത്സരങ്ങളില് നിന്ന് വിട്ടുനിന്ന വിരാട് കോഹ്ലിയും രോഹിത് ശര്മയും ഈ വര്ഷം ആദ്യം മാത്രമാണ് ടി20 ടീമില് കളിച്ചത്. ഇരുവരും ലോകകപ്പില് കളിച്ച് കിരീടം നേടുകയും ചെയ്തു. ജസ്പ്രീത് ബുംറയ്ക്കും പരിക്കിന്റെ ഭീഷണി മറികടക്കാൻ പല പരമ്പരകളിലും വിശ്രമം അനുവദിക്കാറുണ്ട്.
അറ്റ്കിൻസണിന് 12 വിക്കറ്റ്; വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം