
ന്യൂഡല്ഹി∙ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെ പ്രശംസിച്ച് ഭാര്യ നടാഷയുടെ പ്രതികരണം. ചൊവ്വാഴ്ച വൈകിട്ടാണ് ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി സ്വാഗതം ചെയ്യുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. 2027 വരെ മൂന്നര വർഷത്തെ കരാറാണ് ഗംഭീറിന് ബിസിസിഐ നൽകുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്റർ സ്ഥാനം രാജിവച്ചാണ് ഗംഭീർ ബിസിസിഐയുടെ ഓഫർ സ്വീകരിച്ചത്.
പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഗംഭീറിനുള്ള ആശംസാ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലകനായി നയിക്കാനുള്ള അർഹത ഗംഭീറിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നടാഷ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. 2007ല് ഇന്ത്യ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടുമ്പോൾ നിർണായക പ്രകടനവുമായി ഗംഭീർ ടീമിനൊപ്പമുണ്ടായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി രണ്ടു തവണ ഐപിഎൽ കിരീടവും ഉയർത്തി.
2024 ഐപിഎൽ സീസണിനു മുന്നോടിയായാണ് ഗംഭീർ മെന്ററുടെ റോളിൽ കൊൽക്കത്തയിലെത്തിയത്. ആദ്യ സീസണിൽ തന്നെ ശ്രേയസ് അയ്യരുടെ നേതൃത്വത്തില് ഇറങ്ങിയ കൊൽക്കത്തയെ കിരീടത്തിലെത്തിക്കാൻ ഗംഭീറിനു സാധിച്ചു. ഗംഭീറുമായുള്ള അഭിമുഖം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് താരത്തെ നിയമിക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. രാഹുൽദ്രാവിഡ് ഒഴിഞ്ഞ പരിശീലക സ്ഥാനത്ത് നിലവിൽ താത്കാലിക പരിശീലകനായി ഉള്ളത് വിവിഎസ് ലക്ഷ്മണനാണ്.
പരിക്കേറ്റ എതിരാളി പിന്മാറി, ജോക്കോവിച്ച് വിംബിൾഡൺ സെമിയിൽ