
ന്യൂഡല്ഹി: ആഭ്യന്തര ക്രിക്കറ്റില് നിന്ന് ഇടവേള എടുത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന് താരം ഇഷാന് കിഷന്. ബിസിസിഐ ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി കളിക്കാന് തയ്യാറാകാതിരുന്നതിനെ തുടര്ന്ന് താരത്തിന് കരാര് നഷ്ടപ്പെടുകയും പിന്നാലെ ടീമില് നിന്ന് പുറത്തുപോവേണ്ടിവരികയും ചെയ്തിരുന്നു. കിഷന് ടീമിലേക്ക് തിരിച്ചുവരാന് ആഗ്രഹിക്കുന്നുവെങ്കില് ആഭ്യന്തര മത്സരങ്ങളില് കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യണമെന്ന് അന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രാഹുല് ദ്രാവിഡ് നിര്ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോള് ആദ്യമായി ഇക്കാര്യങ്ങളില് വിശദീകരണം നല്കുകയാണ് താരം.
'മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമില് എന്റെ സ്ഥാനം പലപ്പോഴും ബെഞ്ചിലായിരുന്നു. ടീം സ്പോര്ട്സില് ഇതെല്ലാം സാധാരണമാണെന്ന് എനിക്കറിയാം പക്ഷേ തുടര്ച്ചയായ യാത്രകള് കാരണം എനിക്ക് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഒരു ഇടവേള എടുക്കാമെന്ന് തീരുമാനിച്ചത്. എന്നാല് എന്റെ കുടുംബാഗങ്ങള്ക്കും വളരെ അടുത്ത സുഹൃത്തുക്കള്ക്കുമൊഴികെ മറ്റാര്ക്കും ഇക്കാര്യം മനസ്സിലാക്കിയിരുന്നില്ല', ഇന്ത്യന് എക്സ്പ്രസിന് നല്കിയ അഭിമുഖത്തില് കിഷന് വ്യക്തമാക്കി.
'ഞാന് ഒരു ഇടവേള എടുത്തു. അത് സാധാരണമാണെന്ന് കരുതുന്നു. ദേശീയ ടീമിലേക്ക് തിരിച്ചുവരണമെങ്കില് ആഭ്യന്തര ക്രിക്കറ്റില് മികച്ച പ്രകടനം നടത്തണമെന്നാണ് നിയമം. അത് വളരെ ലളിതമാണ്. എന്നാല് ഞാന് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നാണ് ഇടവേള എടുത്തത്. അപ്പോള് ആഭ്യന്തര ക്രിക്കറ്റില് കഴിവ് തെളിയിക്കണമെന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല. തുടര്ന്ന് കളിക്കാനാണെങ്കില് എനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില് തന്നെ കളിച്ചാല് മതിയായിരുന്നല്ലോ', കിഷന് കൂട്ടിച്ചേര്ത്തു.
ലോകകപ്പ് നേടിയ ഇന്ത്യന് ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജുവിനടക്കം എത്ര ലഭിക്കും?കഴിഞ്ഞ വര്ഷം നവംബറില് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 യിലാണ് കിഷന് അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടര്ന്നുള്ള ദക്ഷിണാഫ്രിക്കന് പര്യടനത്തില് താരത്തെ ഉള്പ്പെടുത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല് ടെസ്റ്റ് പരമ്പരയില് നിന്ന് വിട്ടുനിന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി മത്സരങ്ങള് ഒഴിവാക്കാനും കിഷന് തീരുമാനിച്ചു. തുടര്ന്നാണ് ഇഷാനെ കേന്ദ്ര കരാര് പട്ടികയില് നിന്ന് ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്.