മരത്തിന് മുകളില് കയറി ആരാധകന്; വൈറലായി രോഹിത്തിന്റെയും കോഹ്ലിയുടെയും പ്രതികരണം

മരത്തിന് മുകളിലുള്ളയാളെ അപ്രതീക്ഷിതമായി കണ്ട താരങ്ങള് ഞെട്ടുന്നുമുണ്ട്

dot image

മുംബൈ: ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്മ്മയെയും സംഘത്തെയും സ്വീകരിക്കാന് ലക്ഷക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച മുംബൈയില് എത്തിച്ചേര്ന്നത്. ഇന്ത്യന് താരങ്ങള് തുറന്ന ബസില് കിരീടവുമായി എത്തിയതുകാണാനും അഭിവാദ്യമര്പ്പിക്കാനും നിരവധി പേരാണ് മറൈന് ഡ്രൈവ് മുതല് വാങ്കഡെ സ്റ്റേഡിയം വരെയുള്ള റോഡില് തടിച്ചുകൂടിയത്. നിരവധി വൈകാരികമായ മുഹൂര്ത്തങ്ങള്ക്ക് സാക്ഷ്യം വഹിച്ച വിക്ടറി പരേഡില് കൗതുകകരമായ ഒരു സംഭവവും അരങ്ങേറി.

വിക്ടറി പരേഡിനിടെ ഇന്ത്യന് താരങ്ങളെ അടുത്ത് കാണാനായി റോഡിനരികിലെ മരച്ചില്ലയില് കയറിയിരുന്ന ഒരു ആരാധകനാണ് ഇപ്പോള് വൈറലാവുന്നത്. ഇന്ത്യന് ടീമിനെയും കാത്ത് മുന്നേ ഇരിപ്പിറപ്പിച്ചിരിക്കുകയായിരുന്നു ഈ കടുത്ത ആരാധകന്. ഒടുവില് തുറന്ന ബസ് മരച്ചില്ലയുടെ അടുത്തെത്തിയതോടെ ഇയാള് ഫോട്ടോയെടുക്കുകയും ചെയ്തു. പരേഡ് നടത്തുന്ന ലോകകപ്പ് ജേതാക്കളെ ഏറ്റവും 'തൊട്ടടുത്തുനിന്ന് കണ്ട' ഈ ആരാധകന്റെ ചിത്രങ്ങള് സമൂഹമാധ്യമങ്ങള് ഏറ്റെടുക്കുകയും ചെയ്തു.

ബസ് മരച്ചില്ലയുടെ അടുത്തെത്തിയതോടെ ആരാധകനും താരങ്ങളും തമ്മില് വളരെ ചെറിയ അകലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരത്തിന് മുകളിലുള്ളയാളെ അപ്രതീക്ഷിതമായി കണ്ട താരങ്ങള് ഞെട്ടുന്നുമുണ്ട്. ആരാധകനെ വിരാട് കോഹ്ലി ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. ശ്രദ്ധയില്പ്പെട്ട രോഹിത് ഉടനെ അയാളോട് താഴെയിറങ്ങാന് ആവശ്യപ്പെടുന്നതും വീഡിയോയില് കാണാം.

വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെ മറൈന് ഡ്രൈവിലാണ് വിക്ടറി പരേഡ് നടന്നത്. മുംബൈ നഗരത്തെ അക്ഷരാര്ത്ഥത്തില് നിശ്ചലമാക്കിയായിരുന്നു റോഡ് ഷോ. തുടര്ന്ന് വലിയ ഗതാഗത കുരുക്കും മുംബൈയിലുണ്ടായി.

dot image
To advertise here,contact us
dot image