
ബാര്ബഡോസ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് ഫൈനലില് ഇന്ത്യയുടെ വിജയത്തില് നിര്ണായകമായത് അവസാന ഓവറില് സൂര്യകുമാര് യാദവ് എടുത്ത ക്യാച്ചാണ്. ഇന്ത്യ ഉയര്ത്തിയ 177 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്കി ക്രിസീലുറച്ച ഡേവിഡ് മില്ലറെയാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാര് പുറത്താക്കിയത്. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച നിര്ണായക ക്യാച്ചിനെ കുറിച്ച് മനസ്സുതുറക്കുകയാണ് സ്റ്റാര് ബാറ്റര് സൂര്യകുമാര്.
'ആ നിമിഷം എന്റെ മനസ്സിലൂടെ എന്താണ് കടന്നുപോയിരുന്നതെന്ന് സത്യത്തില് എനിക്ക് അറിയില്ല. ഒരു ലോകകപ്പ് ദൂരെ പറന്നുപോവുന്നത് മാത്രമാണ് എനിക്ക് കാണാനായത്. ഞാനത് മുറുകെ പിടിച്ചെന്ന് മാത്രം', മത്സരത്തിന് ശേഷം സൂര്യകുമാര് പറഞ്ഞു.
The match-winning catch by Suryakumar Yadav pic.twitter.com/qQpjGSDMtu
— Ashok Bijalwan अशोक बिजल्वाण 🇮🇳 (@AshTheWiz) June 29, 2024
ഫീല്ഡിങ് കോച്ചിനൊപ്പം താനും കോഹ്ലി, അക്സര് പട്ടേല്, ജഡേജ എന്നീ താരങ്ങളും ഇത്തരത്തിലുള്ള ക്യാച്ചുകള് പരിശീലിക്കാറുണ്ടെന്നും 'സ്കൈ' മാധ്യമങ്ങളോട് പറഞ്ഞു. ഒരു മത്സരത്തില് ഇത്തരം ക്യാച്ചുകള് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില് പെട്ടെന്ന് പ്രതികരിക്കാനുള്ള തീരുമാനമെടുക്കാനുള്ള നമ്മുടെ മനസ്സിന്റെ കഴിവും പ്രധാനമാണെന്നും താരം വ്യക്തമാക്കി.
ഫൈനലിലെ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ക്യാച്ച് പിറന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന് ആറ് പന്തില് 16 റണ്സാണ് വേണ്ടിയിരുന്നത്. വൈഡ് ഫുള്ടോസെറിഞ്ഞ ഹാര്ദ്ദിക്കിനെ മില്ലര് സിക്സര് പറത്താന് ശ്രമിച്ചു. പക്ഷേ ബൗണ്ടറി ലൈനില് നിന്ന് ചാടി പുറത്തേക്ക് തട്ടിയിട്ട് മനോഹരമായി സൂര്യകുമാര് യാദവ് പന്ത് കൈക്കലാക്കുകയായിരുന്നു.
സൂര്യകുമാറിന്റെ കാല് ബൗണ്ടറി ലൈനില് തട്ടിയോ?; നിര്ണായക ക്യാച്ചില് വിവാദംഇതിനുപിന്നാലെ വിവാദവും ഉടലെടുത്തിരുന്നു. സൂര്യകുമാറിന്റെ കാല് ബൗണ്ടറി ലൈനില് തട്ടിയിട്ടുണ്ടായിരുന്നെന്ന ആരോപണമാണ് ശക്തമായത്. അത് വിക്കറ്റായിരുന്നുവെന്നും ലൈനിന് അപ്പുറത്താണ് ബൗണ്ടറി റോപ് കിടന്നിരുന്നതെന്നും ചൂണ്ടിക്കാട്ടി ചിലര് രംഗത്തെത്തിയിരിക്കുകയാണ്. വേണ്ടത്ര പരിശോധനകളില്ലാതെയാണ് ഔട്ട് വിധിച്ചതെന്നും ബിസിസിഐയുടെയും ഐസിസിയുടെയും സ്വാധീനവും കാരണമായെന്നും ആരോപണങ്ങളുണ്ട്.