ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരട്ടസെഞ്ച്വറി; വനിതാ ടെസ്റ്റില് ചരിത്രം കുറിച്ച് ഷഫാലി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ദിനം തന്നെ ഇന്ത്യ കൂറ്റന് സ്കോര് സ്വന്തമാക്കി

dot image

ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ മത്സരത്തില് ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യന് വനിതാ താരം ഷഫാലി വര്മ്മ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 197 പന്തില് എട്ട് സിക്സും 23 ഫോറുമടക്കം 205 റണ്സെടുത്ത ഷഫാലി റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ തകര്പ്പന് റെക്കോര്ഡാണ് താരം സ്വന്തമാക്കിയത്.

വനിത ടെസ്റ്റ് ക്രിക്കറ്റില് അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയാണ് ഷഫാലി സ്വന്തം പേരിലെഴുതിച്ചേര്ത്തത്. 194 പന്തിലാണ് ഇന്ത്യന് ഓപ്പണര് 200 തികച്ചത്. തന്റെ അഞ്ചാമത്തെ ടെസ്റ്റിലാണ് ഷഫാലി ചരിത്രനേട്ടം സ്വന്തമാക്കിയത്.

മുന് ക്യാപ്റ്റന് മിതാലി രാജിന് ശേഷം ടെസ്റ്റില് ഇരട്ടശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന് താരമാണ് ഷഫാലി. 2002 ഓഗസ്റ്റില് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് മിതാലി ഡബിള് സെഞ്ച്വറി കുറിച്ചത്. 407 പന്തില് നിന്ന് 214 റണ്സാണ് ഇംഗ്ലണ്ടിനെതിരെ മിതാലി അടിച്ചുകൂട്ടിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ദിനം തന്നെ ഇന്ത്യ കൂറ്റന് സ്കോര് സ്വന്തമാക്കി. സ്മൃതി മന്ദാന സെഞ്ച്വറി നേടിയും തിളങ്ങി. 161 പന്തില് ഒരു സിക്സും 26 ബൗണ്ടറിയും സഹിതം 149 റണ്സാണ് മന്ദാന അടിച്ചുകൂട്ടിയത്. ഷഫാലി- സ്മൃതി സഖ്യത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള് നാല് വിക്കറ്റ് നഷ്ടത്തില് 525 റണ്സാണ് ഇന്ത്യ നേടിയത്.

dot image
To advertise here,contact us
dot image