
ന്യൂഡല്ഹി: പ്രധാന ടൂര്ണമെന്റുകളില് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള് മുന്കൂട്ടി ഷെഡ്യൂള് ചെയ്യേണ്ടതില്ലെന്ന് മുന് ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. മത്സരക്രമങ്ങളില് ഇന്ത്യ-പാക് മത്സരങ്ങള് നിര്ബന്ധമായും ഉള്പ്പെടുത്തുന്നതിന് വേണ്ടി മുന്കൂട്ടി നിശ്ചയിക്കുന്ന രീതിയെ താരം നിശിതമായി വിമര്ശിക്കുകയും ചെയ്തു. ടോക്ക്സ്പോര്ട്സിലെ ഒരു സംവാദത്തിനിടെയാണ് ലോയ്ഡ് തന്റെ എതിര്പ്പ് പ്രകടിപ്പിച്ചത്.
സാമ്പത്തികനേട്ടങ്ങള്ക്കുവേണ്ടി ഇന്ത്യ-പാക് മത്സരം നിര്ബന്ധമാക്കുന്ന രീതി മത്സരത്തിന്റെ ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക് മത്സരങ്ങള് മുന്കൂട്ടി നിശ്ചയിക്കുന്നത് ഒഴിവാക്കുന്നതിലൂടെ നഷ്ടം സംഭവിക്കില്ലെന്നും ലോയ്ഡ് പറയുന്നു. 'ക്രിക്കറ്റിലെ ഒത്തുകളികളെ കുറിച്ച് നമ്മള് സംസാരിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ക്രിക്കറ്റ് ഒരു കായിക ഇനമാണ്. അവിടെ പ്രത്യേകിച്ച് ലോകകപ്പുകളില് ഇത്തരം ഒത്തുകളികള്ക്ക് സ്ഥാനമില്ല', അദ്ദേഹം ആരോപിച്ചു.
'ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു'; ഗുലാബുദ്ദീന് നയീബിന്റെ 'അഭിനയത്തില്' മിച്ചല് മാര്ഷ്ടി20 ലോകകപ്പിലെ മത്സരക്രമങ്ങളിലും ലോയ്ഡ് വിമര്ശനം ഉന്നയിച്ചു. സൂപ്പര് 8 മത്സരങ്ങള്ക്കിടയില് ടീമുകള്ക്ക് മതിയായ വിശ്രമത്തിനുള്ള ദിവസങ്ങള് കുറവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ടീമുകളുടെ തയ്യാറെടുപ്പ് സമയത്തെയും പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചതായും ലോയ്ഡ് അഭിപ്രായപ്പെട്ടു. സെമി ഫൈനല് മത്സരക്രമങ്ങളിലും ലോയ്ഡ് ആശങ്ക പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന് സെമി ഫൈനലിന് റിസര്വ് ഡേ ഉണ്ടെങ്കിലും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് റിസര്വ് ഡേ ഇല്ലെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി.